Connect with us

Articles

വ്രതം: വിശുദ്ധിയിലേക്കൊരു വഴി

Published

|

Last Updated

മനുഷ്യ ശരീരം അന്നത്തില്‍ നിന്ന് ഉണ്ടായതാണ്. അത് വളരുന്നത് അന്നം കൊണ്ടാണ്. ഇതര ജീവജാലങ്ങളുടെ അന്നമായി അത് അവസാനിക്കുന്നു. മാതാപിതാക്കള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് ബീജവും അണ്ഡവും അവരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതാണ് പിന്നീട് സംയോജിച്ച് ഭ്രൂണമാകുന്നത്. ശുദ്ധവും സാത്വികവുമായ ആഹാരം കഴിക്കുന്ന മാതാപിതാക്കളില്‍ നിന്ന് സാത്വികരായ കുഞ്ഞുങ്ങള്‍ ഉടലെടുക്കുന്നു. അത്തരം സ്ത്രീ പുരുഷന്മാരുടെ മനസ്സ് ശുദ്ധവും സാത്വിക ഗുണങ്ങളോട് കൂടിയതുമായിരിക്കാനാണ് സാധ്യത. നല്ല വിചാരങ്ങളും സ്വഭാവങ്ങളും ആഹാരവുമായി ബന്ധപ്പെട്ടു കൊണ്ടാണ് സ്ഥിതിചെയ്യുന്നത്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയങ്ങളും ശ്വസിക്കുന്ന വായുവും കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന ശബ്ദങ്ങളും സ്പര്‍ശിക്കുന്ന വ്യക്തികളും വസ്തുക്കളുമെല്ലാം അശുദ്ധവും വിഷം കലര്‍ന്നതുമാകയാല്‍ നാം സത്വഗുണമുള്ളവരാകാന്‍ സാധ്യത കുറവാണ്. രജോഗുണവും തമോഗുണവുമാണ് ഇന്നത്തെ ലോകത്തെ കീഴടക്കി ഭരിക്കുന്നത്. മാരകമായ രോഗങ്ങളും മലീമസമായ മനസ്സും ശുദ്ധീകരിക്കാന്‍ കഴിയാത്തപക്ഷം വന്‍ നാശമാണ് സംഭവിക്കാന്‍ പോകുന്നത്. അത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സദ്‌വൃത്തരായിത്തീരണമെന്ന ഉപദേശങ്ങള്‍ എമ്പാടും ലഭ്യമാണ്. അത് പറയുന്നവരും യഥാര്‍ഥത്തില്‍ സദ്ഗുണ സമ്പന്നരല്ല. അവരുടെയെല്ലാം ജീവിതത്തില്‍ നിന്ന് ഉത്തമമായ പലതും അപ്രത്യക്ഷമായി കഴിഞ്ഞു. എല്ലാ വിളക്കുമരങ്ങളുടെയും നേര്‍ ചുവട്ടില്‍ ഇരുട്ടാണ്. ലോകത്താകെ പ്രകാശം പരത്തുന്ന സൂര്യനും നക്ഷത്രങ്ങളുമൊഴികെ പ്രകൃതിയോടിണങ്ങി ജീവിക്കാനും ദൈവകല്‍പ്പന നിറവേറ്റാനും നമുക്ക് സാധിച്ചാല്‍, ഈ ജീര്‍ണതകള്‍ക്കിടയിലും പ്രകാശം പരത്താന്‍ നമുക്ക് കഴിയും. ആ ലക്ഷ്യസാക്ഷാത്കാരത്തിനു സഹായിക്കുന്ന അനുഷ്ഠാനമാണ് വ്രതം.
മഹത്വമേറിയ ആ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. നിസ്‌കാരം നിര്‍ബന്ധകര്‍മങ്ങളില്‍ ഒന്നാമത്തേതും വ്രതം രണ്ടാമത്തേതുമാണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസക്കാലം പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. നോമ്പ് നമ്മില്‍ കര്‍ത്തവ്യബോധവും ക്ഷമാശീലവും വളര്‍ത്തുന്നു. ആപത്തുകളെ നേരിടാനുള്ള ധൈര്യമുണ്ടാക്കുന്നു. ദൈവഹിതത്തിനു മുമ്പില്‍ ദേഹേച്ഛകളെ നിയന്ത്രിക്കാനുള്ള പരിശീലനം നല്‍കുന്നു. ശരീരവും മനസ്സും ശുദ്ധീകരിക്കപ്പെടുന്നു. ഭൗതിക വിഭവങ്ങളോടുള്ള ആര്‍ത്തിയെ വ്രതം ശമിപ്പിക്കുന്നു. സ്‌നേഹവും കരുണയും വിവേകവും സാഹോദര്യവും ഹൃദയത്തില്‍ നിറക്കുന്നു. നിഷേധാത്മക ചിന്തകളായ വിദ്വേഷം, വെറുപ്പ്, അസൂയ, ദേഷ്യം, അഹങ്കാരം എന്നീ ദുഃസ്വഭാവങ്ങളില്‍ നിന്ന് നോമ്പ് മനുഷ്യരെ മോചിതരാക്കുന്നു. എല്ലാം വാണിജ്യവത്കരിക്കപ്പെട്ട കാലത്ത് നോമ്പിനെയും, ഭക്ഷ്യമേളയും ആഘോഷവുമാക്കി മാറ്റുന്നവര്‍ സകല പരിശുദ്ധിയും കളഞ്ഞുകുളിക്കുകയാണ്. ഭക്ഷ്യസംസ്‌കാരത്തില്‍ വന്ന മാറ്റം കാരണം വിഷമയമായ ഭക്ഷണമാണ് നാമെല്ലാം ഇപ്പോള്‍ കഴിക്കുന്നത്. വിശപ്പും ദാഹവും വര്‍ധിച്ചുവരുന്ന വൈകുന്നേരങ്ങളില്‍ നിരത്തുവക്കിലും ഹോട്ടലുകളിലും കാണപ്പെടുന്ന വൃത്തിഹീനമായ രീതിയില്‍ തയ്യാര്‍ ചെയ്ത പലഹാരങ്ങളും ഭക്ഷണസാധനങ്ങളും വാങ്ങിക്കൂട്ടുന്നു. നമ്മുടെ തീന്മേശകളില്‍ ഇപ്പോള്‍ അണിനിരക്കാറുള്ള അധിക വസ്തുക്കളും ഭക്ഷ്യയോഗ്യമല്ലാത്തതും രോഗഹേതുക്കളുമാണ്. ശരീരത്തിനെയും മനസ്സിനെയും സംസ്‌കാരത്തെയും നമ്മുടെ ഭക്ഷണം സ്വാധീനിക്കുമല്ലോ? മനുഷ്യരുടെ സ്വഭാവഗുണങ്ങള്‍ നഷ്ടമാക്കുന്നതില്‍ നല്ലൊരു പങ്ക് ഭക്ഷണത്തിനുമുണ്ട്. ആഹാരത്തിലൂടെ രക്തത്തിലും മജ്ജയിലും കടന്നുകൂടുന്ന രാസപദാര്‍ഥങ്ങളുടെ പ്രവര്‍ത്തനഫലമായി പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, ഹൃദ്‌രോഗം തുടങ്ങിയ രോഗങ്ങളുണ്ടാകുന്നു. ദേഷ്യം, വെറുപ്പ്, ദുഃഖം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയവയും മാനസിക വിഭ്രാന്തിയും വരെ നമ്മില്‍ ജനിക്കുന്നു. മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടാനും ഹൃദയശുദ്ധിക്കും സല്‍സ്വഭാവം ആര്‍ജ്ജിക്കാനും അതുവഴി ദൈവിക കല്‍പ്പനകള്‍ക്ക് വിധേയമായി സമാധാനത്തോടെ ജീവിക്കാനും വേണ്ടി മനുഷ്യ സമുദായത്തിനാകമാനം അനുഗ്രഹമായിട്ടാണ് വ്രതാനുഷ്ഠാനം നിര്‍ബദ്ധമാക്കപ്പെട്ടത്. ശുദ്ധമായ ആഹാരവും സത് വിചാരങ്ങളും സത്പ്രവൃത്തികളും അതോടൊപ്പം അനിവാര്യമാണ്. മനുഷ്യരല്ലാത്ത ചെറുതും വലുതുമായ കോടാനുകോടി ജീവികളും വൃക്ഷലതാദികളും വരെ അവയുടെ ജീവിതകാലയളവില്‍ പലപ്പോഴായി ആഹാരപാനീയങ്ങള്‍ ഉപേക്ഷിച്ച് ഓരോ തരത്തിലുള്ള ഉപവാസം അനുഷ്ഠിക്കുന്നതായി കാണാം. ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് രോഗങ്ങളില്‍ നിന്ന് മോചനം നേടാനും അവ സ്വീകരിക്കുന്ന മാര്‍ഗമാണിത്. കഠിനമായ ചൂടും തണുപ്പും അഭിമുഖീകരിക്കാനും ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാനും വേണ്ടിയാകണം പ്രകൃതി തന്നെ ഇത്തരം ഒരു ജീവിതം ചിട്ടപ്പെടുത്തിയത്. ഞാനെന്ന വിചാരവും അഹങ്കാരവും ആര്‍ത്തിയും ദുരാഗ്രഹവും മൂലം മനുഷ്യന്‍ നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്രതാനുഷ്ഠാനം ഏറെ പ്രസക്തമാണ്. രാഷ്ട്രങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും സമൂഹത്തിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലും ഇത്രയേറെ സംഘര്‍ഷമുള്ളതായ ഒരു കാലമില്ല. വ്യക്തികള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും കുടുംബങ്ങള്‍ തമ്മിലും അയല്‍പക്കക്കാര്‍ക്കിടയിലും തര്‍ക്കങ്ങളും വിദ്വേഷങ്ങളും വളരെയേറെ വര്‍ധിച്ചിരിക്കുന്നു. ഒരേ മതസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്ന ഗ്രൂപ്പുകള്‍ തമ്മില്‍ വൈരം കൊടികുത്തിവാഴുന്നു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൗതിക സമ്പത്തിനു വേണ്ടി മനുഷ്യന്‍ കലഹിക്കുന്നു. ഓരോ വ്യക്തിയും സ്വാര്‍ഥതയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോകുകയാണ്. തന്റെ എല്ലാ വിഷമങ്ങള്‍ക്കും കാരണം മറ്റവനാണെന്നു ഓരോരുത്തരും കരുതി വരുന്നു.
സ്വയം അറിയാനും തിരുത്താനും ശ്രമിക്കുന്നതിന് പകരം അന്യരുടെ കുറ്റങ്ങളും കുറവുകളും സംബന്ധിച്ച ഗവേഷണത്തിലാണ് ഏറെപ്പേരും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വയം അറിയാത്ത ആരും ദൈവത്തെയും അറിയുകയില്ലല്ലോ? അനന്തവിസ്തൃതമായ ഈ മഹാ പ്രപഞ്ചവും അണ്ഡകടാഹങ്ങളും സൃഷ്ടിച്ചവനായ ദൈവം തന്റെ കാരുണ്യത്താല്‍ നമുക്ക് ദാനം നല്‍കിയതാണ് ഈ ജീവിതം. പ്രാപഞ്ചിക വസ്തുക്കളെല്ലാം ചില നിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ ലംഘിക്കാന്‍ അവക്ക് സാധ്യമല്ല. വാനലോകങ്ങളിലെ വന്‍ ഗോളങ്ങള്‍ മുതല്‍ ഭൂമിയിലെ പരമാണു വരെയുള്ള സര്‍വസ്വവും അലംഘനീയമായ നിയമങ്ങള്‍ പിന്തുടരുന്നു. ഈ അനുസരണാശീലത്തെയാണ് ഇസ്‌ലാം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മനുഷ്യശരീരവും അതിലെ സര്‍വ അംഗങ്ങളും ഇതേ പ്രകൃതിയനുസരിച്ചാണ് ചലിക്കുന്നത്. ദൈവം മനുഷ്യന് ജ്ഞാനസമ്പാദന ശേഷി നല്‍കി. ആലോചനാശക്തിയും ഗ്രഹണശേഷിയും നല്‍കി. സത്യാസത്യ വിവേചനത്തിനുള്ള കഴിവേകി. അതോടൊപ്പം അവന് സ്വാതന്ത്ര്യവും പ്രദാനം ചെയ്തു. ഇതും മഹത്തായ ഒരു പരീക്ഷണമാണ്. തന്റേയും പ്രപഞ്ചത്തിന്റേയും പ്രകൃതി അറിയാതെ ഇരിക്കുകയും സ്വന്തം സൃഷ്ടാവിനെയും അവന്റെ. ഗുണഗണങ്ങളെയും ശരിയായി മനസ്സിലാക്കാതെ പോകുകയും ചെയ്താല്‍ അയാള്‍ പരാജയമടഞ്ഞു. സര്‍വതിന്റെയും ഉടമ ദൈവമാണ്. തന്റെയും മറ്റുള്ളവരുടെയും പക്കലുള്ളതെല്ലാം ദൈവദത്തമാണ്. താന്‍ യാതൊന്നിന്റെയും ഉടമയല്ല. സ്വന്തം ശരീരത്തിന്റെ പോലും ഉടമസ്ഥാവകാശം തനിക്കില്ലെന്ന് മനസ്സിലാക്കാത്ത മനുഷ്യന്‍ സകലസ്വത്തിന്റെയും ഉടമസ്ഥനാകാനുള്ള പരക്കം പാച്ചിലിലാണ്. തന്റെ ആരോഗ്യം, സൗന്ദര്യം, വസ്ത്രധാരണം, വൃത്തി, സമ്പത്ത്, സന്താനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിക്കപ്പെടുകയും സ്വഭാവം, ബുദ്ധിശക്തി, പാണ്ഡിത്യം, കഴിവുകള്‍ എന്നിവയെ നിസ്സാരമാക്കുകയും ചെയ്യുന്നവരുടെ അംഗസംഖ്യ വര്‍ധിച്ചു വരികയാണ്.
വ്രതാനുഷ്ഠാനം മനുഷ്യജീവിതത്തില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതിനാല്‍ അത് സുപ്രധാനമാണ്. മനുഷ്യജീവിതം വളരെ ചെറിയ ഒരു കാലയളവ് മാത്രമാണ്. പ്രകൃതിയോട് രമ്യത പുലര്‍ത്തുന്ന ഒരു ജീവിതമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്; സംഘര്‍ഷത്തിന്റേതല്ല. ശാസ്ത്ര സാങ്കേതിക വികാസവും സാമ്പത്തിക വളര്‍ച്ചയും വിദ്യാഭ്യാസപരമായ ഉയര്‍ച്ചയും ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. ശാസ്ത്ര നേട്ടങ്ങളെ നാം യുദ്ധങ്ങള്‍ക്കും അതുവഴി അധിനിവേശത്തിനും ആയുധമാക്കുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യന്‍ മുന്നേറുന്നത്. കടലും കരയും ആകാശവും വയറും ശരീരവും മസ്തിഷ്‌കങ്ങളും, മനസ്സും നാം മലിനമാക്കിയിരിക്കുന്നു. വന്‍തോതിലുള്ള അഴിമതികളും അക്രമങ്ങളും കൊലയും സ്ത്രീപീഡനങ്ങളും കവര്‍ച്ചയും കൊള്ളയും ഇത്രയേറെ നിത്യസംഭവങ്ങളായി മാറിയിട്ടും ഭൂരിപക്ഷം മനുഷ്യര്‍ക്കും അതില്‍ ഒരു വേവലാതിയോ പരാതിയോ ഇല്ല. എല്ലാം എല്ലാവര്‍ക്കും ശീലമായി കഴിഞ്ഞു. അഴിമതിക്കാരോടും ജീര്‍ണിത സംസ്‌കാരമുള്ളവരോടും അധികം പേര്‍ക്കും ആദരവാണ്. ദൈവത്തിനു നിരക്കാത്ത വന്‍ പാപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നാലും അത് ആരിലും ഒരു ചലനവും സൃഷ്ടിക്കാത്ത പോലെയാണ് ദിവസങ്ങള്‍ കടന്നുപോവുന്നത്. എല്ലാ മനഃസാക്ഷിയും മരവിച്ചുപോയോ? ആര്‍ക്കും ആരോടും സ്‌നേഹമോ ബഹുമാനമോ കരുണയോ കാണുന്നില്ല. എല്ലാ നന്മകളും ഹൃദയങ്ങളില്‍ നിന്ന് വറ്റിപ്പോയിരിക്കുന്നു. എല്ലാവരും തിരക്കിലാണ്. വരണ്ടുണങ്ങിയ ഹൃദയങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ദാനധര്‍മ്മങ്ങളും സഹിഷ്ണുതയും നിറഞ്ഞ നോമ്പുകാലത്തിനു മാത്രമേ കഴിയുകയുള്ളൂ. ഫ്രാങ്ക് ഫെന്നര്‍ എന്ന ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഈയിടെ പറഞ്ഞത് മനുഷ്യവംശം ഇനി നൂറു വര്‍ഷത്തിലേറെ ജീവിച്ചിരിക്കുകയില്ലെന്നാണ്. 95 വയസ്സ് പ്രായമുള്ള അനുഭവസമ്പന്നനായ ശാസ്ത്രജ്ഞനാണ് ഫെന്നര്‍. ഇരുപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവും നൂറുകണക്കിന് ശാസ്ത്ര പ്രബന്ധങ്ങളുടെ ഉടമയുമാണ് അദ്ദേഹം.
ഇനിയൊരിക്കലും തിരിച്ചു നടക്കാനാവാത്തവിധം ഈ ഭൂമി നാശത്തിന്റെ വക്കിലാണെന്ന് അദ്ദേഹം പറയുന്നു. നിയന്ത്രണാതീതമായ വിധത്തിലുള്ള ഉപഭോഗസംസ്‌കാരം ഈ പ്രകൃതിയെ നശിപ്പിച്ചിരിക്കുന്നു.കൂടുതല്‍ ആളുകള്‍ കൂടുതല്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടണമെന്ന കോര്‍പറേറ്റുകളുടെ ആഗ്രഹം അതിരുകളില്ലാത്തതാണ്. വന്‍തോതിലുള്ള ഈ ഉപഭോഗം മൂലം താമസിയാതെ മുഴുവന്‍ പ്രകൃതി സമ്പത്തും അവസാനിക്കുമത്രേ. പെട്രോളിയം ഉത്പന്നങ്ങള്‍, ശുദ്ധജലം, കൃഷി, മേല്‍മണ്ണ്, വനങ്ങള്‍ എന്നിവയെല്ലാം നാശമടയുകയാല്‍ ഭൂമിയില്‍ നിന്നും ദിനോസറുകള്‍ അപ്രത്യക്ഷമായതു പോലെ മനുഷ്യവംശവും ഇതരജീവജാലങ്ങളും അപ്രത്യക്ഷമാകുമെന്ന് പറയുന്ന ഫ്രാങ്ക് ഫെന്നറെ വിശ്വസിച്ചാലും ഇല്ലെങ്കിലും കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണെന്നത് സത്യം മാത്രമാണ്. കാലാകാലവും വികസിക്കാനോ വളരാനോ മനുഷ്യര്‍ക്ക് കഴിയില്ല. എല്ലാം നിശ്ചയമായും അവസാനിക്കുക തന്നെ ചെയ്യും. ഇസ്‌ലാം വിഭാവനം ചെയ്യുന്ന പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം സ്വീകരിക്കുകയാണ് കരണീയം. ഉപഭോഗവസ്തുക്കളുടെ അളവ് കുറക്കുകയും ഉപവാസം വഴി മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിക്കുകയും ചെയ്യാന്‍ നമുക്ക് കഴിയുമെങ്കില്‍ ഇഹത്തിലും പരത്തിലും പ്രതീക്ഷക്ക് വകയുണ്ട്.

 

Latest