ഡി ഐ ജി ചമഞ്ഞ് തട്ടിപ്പ് നടത്തി

Posted on: July 8, 2015 6:00 am | Last updated: July 7, 2015 at 10:40 pm

കോയമ്പത്തൂര്‍: പോലീസ് ഡി ഐ ജി ചമഞ്ഞ് പലേടത്തും തട്ടിപ്പ് നടത്തിയ ചെന്നൈ സാലിഗ്രാമത്തിലെ ജി ഷണ്‍മുഖദുരൈയെ (49) പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മീനാകുമാരിയും പിടിയിലായി.പോലീസ് അകമ്പടിയോടെ പലേടത്തും കടകള്‍ സന്ദര്‍ശിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്.
എല്ലായിടത്തുനിന്നും പണം ആവശ്യപ്പെട്ടു. സംശയംതോന്നിയ ചില കടനടത്തിപ്പുകാര്‍ ഉയര്‍ന്ന പോലീസുകാരെ വിവരമറിയിക്കയായിരുന്നു.
ഐ ഡി കാര്‍ഡ് കാണിക്കാന്‍ ഡി ഐ ജി തയ്യാറാകാത്തതിനാല്‍ ചില കടകളില്‍വെച്ച് തര്‍ക്കമുണ്ടായി. അപ്പോഴേക്കും പോലീസ് ഇടപെട്ടു.ചെന്നൈയില്‍നിന്നുവന്ന ഇവര്‍ നഗരത്തില്‍ വന്‍കിട ഹോട്ടലുകളിലായിരുന്നു താമസം.
ശരവണംപട്ടിപോലീസില്‍ വിളിച്ച് അകമ്പടിക്കായി ഒരു സബ് ഇന്‍സ്‌പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും തരപ്പെടുത്തി കൂടെകൊണ്ടുനടന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇരുവരുടെയും നടപടിയെന്ന് പിന്നീടാണ് മനസ്സിലായത്. മധുരസ്വദേശിയായ ഷണ്‍മുഖദുരൈ റിട്ട. ഡി ഐ ജി.യെന്നും ചിലേടത്ത് വിശേഷിപ്പിച്ചു. ജ്വല്ലറികളായിരുന്നു തട്ടിപ്പിന് ലക്ഷ്യമാക്കിയിരുന്നത്.