മാവോയിസ്റ്റ് ഭീഷണി: പോലീസ് സ്‌റ്റേഷനുകളില്‍ സി സി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി

Posted on: July 7, 2015 8:11 am | Last updated: July 7, 2015 at 8:11 am
SHARE

മാനന്തവാടി: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ചു സ്റ്റേഷനുകളില്‍ ആധുനിക സംവിധാനങ്ങളുള്ള സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി.
വെള്ളമുണ്ട, തിരുനെല്ലി,തലപ്പുഴ, പുല്‍പ്പള്ളി, മേപ്പാടി സ്റ്റേഷനുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പോലീസ് സ്‌റ്റേഷനുകള്‍ സുരക്ഷിതമാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പോലീസ് സ്‌റ്റേഷനുകളില്‍ മണല്‍ ചാക്ക് കൊണ്ട് സുരക്ഷാ മതില്‍ നിര്‍മിക്കുകയും അത്യാധുനിക ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കുഞ്ഞോത്ത് നടന്ന മാവോയിസ്റ്റ്-തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടലിന് ശേഷം പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍ലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിനിയോഗിക്കുകയും ആധുനി ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
സ്‌റ്റേഷനും പരിസരവും വ്യക്തമായി റിക്കാര്‍ഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇത് ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്‌റ്റേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിയാന്‍ കഴിയും.
സാധാരണ രീതിയില്‍ വീടുകളിലും കടകളിലും സ്ഥാപിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ക്യാമറകളാണ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത്. 10 ലക്ഷത്തോളം രൂപ ചെലവിലാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ പോലും ലോക്കപ്പുകള്‍ നിരീക്ഷിക്കാനും സി സി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചില സ്റ്റേഷനുകളില്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്. ക്യാമറയുടേയും അനുബന്ധ ഉപകരണങ്ങളുടേയും പ്രവര്‍ത്തികള്‍ ധ്രുതഗതിയിലാണ്. ഈ മാസത്തോടെ സ്‌റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് കഴിയും.