പകര്‍ച്ചപ്പനി; അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ചു

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 2:09 am

തിരുവനന്തപുരം: സമഗ്ര പകര്‍ച്ചപ്പനി പ്രതിരോധ ബോധന പരിപാടിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ 71,419 അന്യസംസ്ഥാനത്തൊഴിലാളികളെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കി.
സംസ്ഥാന വ്യാപകമായി നടന്ന രണ്ടാംഘട്ട പരിശോധനയില്‍ 35,409 പേരെയാണ് പരിശോധിച്ചത്. രണ്ടാം ഘട്ടത്തില്‍ 492 മെഡിക്കല്‍ സംഘങ്ങള്‍ സംസ്ഥാനത്തെ 1,410 തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തി. 3,805 പേര്‍ക്ക് പനിയും 16 പേര്‍ക്ക് വയറിളക്കവും 1,140 പേര്‍ക്ക് ത്വക്ക് രോഗങ്ങളും ഉള്ളതായി കണ്ടെത്തി. മലമ്പനി സ്ഥിരീകരിക്കുന്നതിന് 9,449 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. 260 പേര്‍ക്ക് ക്ഷയവും 158 പേര്‍ക്ക് മന്തും 42 പേര്‍ക്ക് കുഷ്ഠവും 44 പേര്‍ക്ക് എച്ച്1 എന്‍1 പനിയും 1,14 പേര്‍ക്ക് മറ്റ് പകര്‍ച്ച വ്യാധികളും ഉള്ളതായി സംശയിക്കുന്നു. ഇവര്‍ക്കെല്ലാം ക്യാമ്പുകളില്‍ത്തന്നെ വിദഗ്ധചികിത്സയും തുടര്‍ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കി. അന്യസംസ്ഥാനത്തൊഴിലാളികളുടെ 2,74 വാസസ്ഥലങ്ങള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ഉള്ളതാണെ് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പുകളോടനുബന്ധിച്ച് സംഘടിപ്പിച്ച 1,011 ബോധവത്കരണ ക്ലാസുകളില്‍ 11,440 അന്യസംസ്ഥാനത്തൊഴിലാളികള്‍ പങ്കെടുത്തു. ഈ മാസം 12 നാണ് മൂന്നാം ഘട്ടപരിശോധന.