മുല്ലപ്പെരിയാറിന് എല്‍ ടി ടി ഇ ഭീഷണി ഇല്ലെന്ന് തമിഴ്‌നാട്

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:30 am

Mullaperiyar_dam_859317f
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എല്‍ ടി ടി ഇയുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് തമിഴ്‌നാട്. ഇത് സംബന്ധിച്ച് അധിക സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ധനമന്ത്രി ഒ പനീര്‍ശെല്‍വം അറിയിച്ചു.
2009ല്‍ ശ്രീലങ്കന്‍ സേന അടിച്ചമര്‍ത്തിയ എല്‍ ടി ടി ഇക്കാരില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയുണ്ടെന്ന തരത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മുല്ലപ്പെരിയാര്‍ ഡാം പോലുള്ള ദേശീയ നിര്‍മിതികള്‍ക്ക് ലശ്കര്‍ ഇ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, മാവോയിസ്റ്റ് സംഘടനകളില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എല്‍ ടി ടി ഇക്ക് അനുകൂല നിലപാട് എടുക്കാത്തതിനാല്‍ അവശേഷിക്കുന്ന അംഗങ്ങള്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ആദ്യ സത്യവാങ്മൂലം അനാവശ്യ വിവാദങ്ങള്‍ക്കും സര്‍ക്കാറിനെതിരെയുള്ള മോശം കാഴ്ചപ്പാടിനും ഇടയാക്കിയ സാഹചര്യത്തിലാണ് അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജയലളിത നിര്‍ദേശിച്ചതെന്നും പനീര്‍ശെല്‍വം പറഞ്ഞു.