2 ജി സ്‌പെക്ട്രം: ഇ ഡി പ്രത്യേക അഭിഭാഷകനെ നീക്കി

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:22 am

Venugopal-kk
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാട്‌കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) പ്രത്യേക അഭിഭാഷകനായ കെ കെ വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കംചെയ്തു. കോടതിയില്‍ ഇ ഡിയും, റവന്യു വകുപ്പും എടുക്കുന്ന നിലപാടിന് കടകവിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ഇദ്ദേഹം. ഇത് സംബന്ധിച്ച് ധന മന്ത്രാലയം കഴിഞ്ഞ മാസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇ ഡിയുമായോ റവന്യു വകുപ്പുമായോ കൂടിയാലോചിക്കാതെ 2 ജി കേസിലെ മുഖ്യ അന്വേഷണ ഓഫീസറായ രാജേശ്വര്‍ സിംഗിന് 2014ല്‍ കുറിപ്പ് സമര്‍പ്പിച്ചത് വലിയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശ് പോലീസ് സര്‍വീസസിലെ ഓഫീസറായിരുന്ന രാജേശ്വര്‍ സിംഗിനെ ഇ ഡി ഡപ്യൂട്ടി ഡയറക്ടരായി സ്ഥിര നിയമനം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയുരുന്നു. ഇ ഡിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ധന മന്ത്രാലയമാകട്ടെ സിംഗിനെ അദ്ദേഹത്തിന്റെ മുന്‍ തസ്തികയിലേക്ക് തന്നെ തിരിച്ചയക്കാനാണ് താത്പര്യപ്പെട്ടത്. സിംഗിന്റെ കേന്ദ്ര ഡപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. മുതിര്‍ന്ന അഭിഭാഷകനായ വേണുഗോപാലിന് ഈ വര്‍ഷം ആദ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
സിംഗിന്റെ കേസ് നടത്തിപ്പ് സംബന്ധിച്ച് സുപ്രീം കോടതിക്ക് ഹൃസ്വ വിവരണവും നല്‍കിയിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ടൈബൂണലിന്റെ പ്രവര്‍ത്തനവും വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് സിംഗിനെ ഇ ഡിയില്‍ എടുക്കാനും ഉത്തരവുണ്ടായി. എന്നാല്‍, ഈ ഉത്തരവ് സ്റ്റെ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് സുപ്രീം കോടതി കേന്ദ്രത്തിന് ശക്തമായ ഭാഷയില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്‍കി. സിംഗിനെ സ്ഥിരമായി ഇ ഡിയില്‍ ഉള്‍പ്പെടുത്താനും ഉത്തരവിട്ടു.