യാസ് ഐലന്റ് തീം പാര്‍ക്കില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം

Posted on: July 6, 2015 8:13 pm | Last updated: July 6, 2015 at 8:13 pm

3786617269

അബുദാബി: വേനല്‍കാലത്ത് കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തീം പാര്‍ക്കില്‍ പ്രവേശനം സൗജന്യം. സെപ്തംബര്‍ 30 വരെയാണ് ഈ ആനുകൂല്യം. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഫെരാറി വേള്‍ഡിലും മറ്റൊരു തീം പാര്‍ക്കായ യാസ് വാട്ടര്‍ വേള്‍ഡിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ കുട്ടികള്‍ക്ക് താമസവും സൗജന്യമായിരിക്കും.
കുടുംബങ്ങളെ ആകര്‍ഷിക്കാനാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാസ് വൈസ്‌റോയി, ക്രൗണ്‍ പ്ലാസ, റാഡിസണ്‍ ബ്ലൂ, റൊട്ടാണ, സെന്‍ട്രോ തുടങ്ങിയ ഹോട്ടലുകളാണ് കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ കുട്ടികള്‍ക്ക് താമസം സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണവും നല്‍കുമെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ താമസിക്കുന്ന ഓരോ മുതിര്‍ന്നവര്‍ക്കും ഒപ്പമാണ് ഓരോ കുട്ടിക്ക് സൗജന്യം അനുവദിക്കുക.