നയങ്ങള്‍ തിരുത്തി ഇടതിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം: ചന്ദ്രചൂഡന്‍

Posted on: July 6, 2015 5:52 am | Last updated: July 6, 2015 at 2:55 am

കരുനാഗപ്പള്ളി: ദേശീയ തലത്തില്‍ നയങ്ങള്‍ തിരുത്തി ഇടതു പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയത്തില്‍ ആര്‍ എസ് പി കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. തനിച്ച് ബി ജെ പിയെ നേരിടാനാകുന്നില്ല. നയങ്ങള്‍ തിരുത്തി ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. ഹൈന്ദവവത്കരണവും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റവും തടയാന്‍ പരസ്പരം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവരും.
ഇന്ത്യയില്‍ വരാനിരിക്കുന്ന കാലഘട്ടമെന്ന് പറയുന്നത് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സംഘ്പരിവാറിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ മിഷിനറീസ് ഉപയോഗിച്ച് അത് ശക്തമാക്കിയിരിക്കുകയാണ്. എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാമെന്ന കേരളത്തിലെ പ്രമുഖ ഇടതുപാര്‍ട്ടിയുടെ രീതി ഇനി വിലപ്പോകില്ല. നിരന്തരമായി പുലഭ്യം പറഞ്ഞും സ്വന്തം സഖാക്കളെ കണ്ണ് ഉരുട്ടിക്കാണിച്ചും കാര്യങ്ങള്‍ നടക്കില്ല. ഇപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ ഭവന സന്ദര്‍ശനം നടത്താനുള്ള സി പി എം തീരുമാനം ഇതുവരെ അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞല്ല പ്രവര്‍ത്തിച്ചത് എന്നതിന്റെ തെളിവാണെന്നും അതിന് അരുവിക്കര വരെ കാത്തിരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കിതമാക്കിയവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാണ് അരുവിക്കര. സി പി എം ജനങ്ങളെ അപഹാസ്യരാകുന്നു. ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. അവസരം കിട്ടുമ്പോള്‍ അവര്‍ പ്രതികരിക്കും. ഒപ്പം കൂട്ടാന്‍ കഴിയാത്തവര്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി നേരിടുന്നതായും അദ്ദേഹം ആരോപിച്ചു. എ ഡി എമ്മിനെ എം എല്‍ എ കൈയേറ്റം ചെയ്‌തെന്ന് പറയുന്ന സംഭവത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചിരിക്കുന്നു. ഒരു പാര്‍ട്ടി പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ട് ആര്‍ എസ് പി ഒന്നായി എന്ന് കരുതരുത്. ഇനിയും നാല് പേര്‍ ആര്‍ എസ് പിയാണെന്ന് പറഞ്ഞ് പുറത്തുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.