വേങ്ങരയിലെ ഫയര്‍‌സ്റ്റേഷന്‍ കുന്നുംപുറം ആശുപത്രി സ്ഥലത്ത് സ്ഥാപിക്കാന്‍ നീക്കം

Posted on: July 4, 2015 10:53 am | Last updated: July 4, 2015 at 10:53 am

വേങ്ങര: മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഫയര്‍‌സ്റ്റേഷന്‍ കുന്നുംപുറം സര്‍ക്കാര്‍ ആശുപത്രി സ്ഥലത്ത് സ്ഥാപിക്കാന്‍ നീക്കം. ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള രണ്ടേക്കറോളം ഭൂമിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് സ്ഥാപിക്കാനാണ് നടപടികള്‍ ആരംഭിക്കുന്നത്.
ദേശീയപാത 17, എയര്‍പോര്‍ട്ട് സംസ്ഥാന പാത എന്നിവ വഴി കൂടുതല്‍ ഭാഗത്തേക്ക് എത്തിപ്പെടാന്‍ കുന്നുംപുറത്ത് സ്റ്റേഷന്‍ സ്ഥാപിക്കുക വഴി സാധിക്കും. സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നിലവിലുള്ള സ്ഥലം ബുദ്ധിമുട്ട് കൂടാതെ ലഭ്യമാകുമെന്ന സൗകര്യമാണ് ആശുപത്രിയുടെ സ്ഥലത്ത് സ്ഥാപിക്കുന്നതിന് കാരണമാകുന്നത്.
അതേ സമയം പ്രസ്തുത സ്ഥലത്ത് ഫയര്‍‌സ്റ്റേഷന്‍ അനുവദിക്കുന്നത് കനത്ത പൊതുജന പ്രതിഷേധത്തിനിടയാക്കും. ടൗണിന്റെ കണ്ണായ സ്ഥലത്ത് ആതുരാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചേമ്പുട്ടിയില്‍ മൊയ്തീന്‍ഹാജി, ഇ കെ മൊയ്തീന്‍കുട്ടി എന്നീ പൗരപ്രമുഖര്‍ സംഭാവനയായി നല്‍കിയതാണ് ഈ ഭൂമി. ഇവിടെ പ്രാഥമികാരോഗ്യ കേന്ദ്രം, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ് സ്ഥാപിച്ചിരുന്നത്. 2012ല്‍ ഈ ഭൂമിയില്‍ നിന്നും 10 സെന്റ് ഭൂമി കുന്നുംപുറം പാലിയേറ്റീവ് ക്ലിനിക്കിന് സൗകര്യമൊരുക്കാനായി നല്‍കുകയും ഇവിടെ കെട്ടിടം പണിയുകയും ചെയ്തിട്ടുണ്ട്.
ഈ ഭൂമിയോട് ചേര്‍ന്ന് വാടക ഷെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടിക്ക് ഈ ഭൂമിയില്‍ നിന്നും രണ്ട് സെന്റ് ഭൂമി തത്കാലത്തേക്ക് അനുവദിക്കാനും നടപടിയായിട്ടുണ്ട്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം കിടത്തി ചികിത്സ ആരംഭിക്കാന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
വേങ്ങര, കണ്ണമംഗലം, ഏ ആര്‍ നഗര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ നിന്നായി ദിനംപ്രതി 500ഓളം രോഗികളാണ് നിലവില്‍ ഇവിടെയെത്തുന്നത്. ഇവര്‍ക്ക് സൗകര്യമൊരുക്കി കിടത്തി ചികിത്സ ആരംഭിക്കാന്‍ കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ആവശ്യമാണെന്നിരിക്കെ ഈ ഭൂമി ഫയര്‍‌സ്റ്റേഷന് വിട്ടുനല്‍കുന്നത് ആശുപത്രി വികസനം തടസപ്പെടുത്തുമെന്ന് ചൂണ്ടികാണിക്കുന്നു. കുന്നുംപുറം ഭാഗത്ത് തന്നെ കൂടുതല്‍ സ്ഥലം ഫയര്‍‌സ്റ്റേഷന് ലഭ്യമാണെന്നും നാട്ടുകാര്‍ പറയുന്നു.