സമസ്ത മദ്‌റസാ ഫലം; 95.25 ശതമാനം വിജയം

Posted on: July 4, 2015 1:05 am | Last updated: July 4, 2015 at 1:05 am

madrassaകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2015 ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ അഖിലേന്ത്യാ തലത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം തരത്തില്‍ 89 ശതമാനവും ഏഴാം തരത്തില്‍ 94.74 ശതമാനവും പത്താം തരത്തില്‍ 97.86 ശതമാനവും പ്ലസ്ടു ക്ലാസ്സില്‍ 99.25 ശതമാനം വിദ്യാര്‍ഥികളും വിജയികളായി.
അഞ്ചാം ക്ലാസ്സില്‍ തളിപ്പറമ്പ് കരയത്തുംചാല്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ആഇശത്തുല്‍ റിന്‍ശ പി ഒന്നാം റാങ്കും മലപ്പുറം വേങ്ങര വലിയോറ അടക്കാപുര അല്‍ മദ്‌റസത്തുസ്സുന്നിയ്യയിലെ മുഹമ്മദ് ബിശര്‍ വി രണ്ടാം റാങ്കും മലപ്പുറം മോങ്ങം കളത്തിപ്പറമ്പ് ദാറുല്‍ ഉലും സുന്നി മദ്‌റസയിലെ ഫവാസ് സി മൂന്നാം റാങ്കും നേടി.
ഏഴാം ക്ലാസ്സില്‍ മലപ്പുറം ഊരകം നെല്ലിപ്പറമ്പ് മദാറുല്‍ ഉലും മദ്‌റസയിലെ ഫിദ ശഹനാസ് ടി പി ഒന്നാം റാങ്കും മലപ്പുറം കൊളപ്പുറം നോര്‍ത്ത് ദാറുല്‍ ഹുദാ മദ്‌റസയിലെ തന്‍സീഹ കെ വി രണ്ടാം റാങ്കും മലപ്പുറം ആനങ്ങാടി ബീച്ച് ഹിദായത്തുല്‍ അനാം മദ്‌റസയിലെ ജുനൈസ കെ എം പി മൂന്നാം റാങ്കും നേടി.
പത്താം തരത്തില്‍ മലപ്പുറം എടരിക്കോട് ക്ലാരി സൗത്ത് അല്‍ മദ്‌റസത്തുല്‍ ഗൗസിയ്യത്തുസ്സുന്നിയ്യയിലെ ശാകിറ പി ഒന്നാം റാങ്കും തൃശൂര്‍ കൈപ്പമംഗലം കമാലിയ്യ നഗര്‍ മദ്‌റസത്തുല്‍ കമാലിയ്യത്തുസ്സാനവിയ്യയിലെ മുഹമ്മദ് റിസ്‌വാന്‍ എ എ രണ്ടാം റാങ്കും മലപ്പുറം വെട്ടിച്ചിറ പുന്നത്തല ബിശാറത്തുല്‍ ഇഖ്‌വാന്‍ മദ്‌റസയിലെ റുമൈസ എം മൂന്നാം റാങ്കും നേടി.
ഹയര്‍ സെക്കന്‍ഡറി (പ്ലസ്ടു) ക്ലാസ്സില്‍ മലപ്പുറം ഒളവട്ടൂര്‍ തോണിക്കല്ലുപാറ അശ്അരിയ്യ സുന്നി മദ്‌റസയിലെ ബാസിമ സുറൂറ കെ പി ഒന്നാം റാങ്കും മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് സുബുലുസ്സലാം കേന്ദ്ര മദ്‌റസയിലെ ശഹബാന കെ പി രണ്ടാം റാങ്കും തോണിക്കല്ലുപാറ അശ്അരിയ്യ സുന്നി മദ്‌റസയിലെ ഫാത്വിമ നഹീമ കെ പി മൂന്നാം റാങ്കും നേടി.
റാങ്ക് ജേതാക്കളെയും മുഅല്ലിംകളെയും മദ്‌റസാ മാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ മാര്‍ക് ലിസ്റ്റുകള്‍ തപാല്‍ വഴി അയച്ചു. ശേഷിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് ഇന്ന് രാവിലെ 10 മുതല്‍ 12 മണി വരെ വിതരണം ചെയ്യും. പരീക്ഷാഫലം www.samastha.in വെബ്‌സൈറ്റില്‍ ലഭ്യമാകും.
പൂനര്‍ മുല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ പത്ത് മുതല്‍ ആഗസ്റ്റ് ഒന്ന് വരെ പേപ്പര്‍ ഒന്നിന് 25 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. ശവ്വാല്‍ ഒമ്പതു മുതല്‍ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കും.