സിറിയയില്‍ ഉടന്‍ സൈനിക ഇടപെടല്‍ നടത്തില്ലെന്ന് തുര്‍ക്കി

Posted on: July 4, 2015 4:00 am | Last updated: July 4, 2015 at 1:00 am
SHARE

അങ്കാറ: സിറിയയില്‍ ഉടനടി സൈനിക ഇടപെടല്‍ നടത്താന്‍ തുര്‍ക്കിക്ക് പദ്ധതിയില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ്് ദവോദോഗ്‌ലു. തുര്‍ക്കി – സിറിയ അതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ രൂപവത്കരിച്ച് തുര്‍ക്കി ഉടനടി സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന മാധ്യമ വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. തുര്‍ക്കി നാളെയോ അല്ലങ്കില്‍ സമീപ ഭാവിയിലൊ സിറിയയില്‍ ഇടപെടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ഒരു അഭിമുഖത്തില്‍ ദവോദോഗ്‌ലു പറഞ്ഞു. എന്നാല്‍ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയുയര്‍ന്നാല്‍ സിറിയയില്‍ ഇടപെടാന്‍ തുര്‍ക്കി കാത്തുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍നിന്നും ഇസില്‍ ഭീകരരെ പിന്‍തള്ളാനും കുര്‍ദ് സൈനിക മുന്നേറ്റത്തിന് തടയിടാനും സെനിക ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി തുര്‍ക്കി മാധ്യമങ്ങള്‍ സമീപ ദിവസങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചുവരികയാണ്. സിറിയയില്‍ കുര്‍ദുകള്‍ ശക്തിപ്രാപിക്കുന്നത് തുര്‍ക്കിയിലെ 15 ദശലക്ഷത്തോളം വരുന്ന കുര്‍ദ് ന്യൂനപക്ഷത്തെയും ശക്തിപ്പെടുത്തുമെന്ന് തുര്‍ക്കി സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്.