ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ച്ചയെന്ന് വാജ്‌പെയ് പറഞ്ഞതായി മുന്‍ റോ മേധാവി

Posted on: July 3, 2015 12:08 pm | Last updated: July 4, 2015 at 1:45 am

vajpayeeന്യൂഡല്‍ഹി: ഗുജറാത്ത് കലാപം തങ്ങളുടെ വീഴ്ചയാണെന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ് പറഞ്ഞതായി മുന്‍ റോ മേധാവി എ എസ് ദുലത്തിന്റെ വെളിപ്പെടുത്തല്‍. കലാപത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലാണ് വാജ്‌പേയ് ഇക്കാര്യം പറഞ്ഞത്. ഈ വീഴ്ചയാണ് 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം പരാജയപ്പെടാന്‍ മുഖ്യ കാരണമായത്. ഗുജറാത്ത് കലാപത്തില്‍ വാജ്‌പേയിക്ക് അതൃപ്തി ഉണ്ടായിരുന്നതായും മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ ദുലത്ത് വ്യക്തമാക്കി.

1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല തന്നോട് ആക്രോശിച്ച് സംസാരിച്ചതായും ദുലത്ത് പറഞ്ഞു. ബന്ദിയാക്കപ്പെട്ട വിമാന യാത്രക്കാരെ മോചിപ്പിക്കുന്നതിനായി മൂന്ന് തീവ്രവാദികളെ വിട്ടുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ രോഷപ്രകടനമെന്നും ദുലത്ത് പറഞ്ഞു.