വ്യാജ ഡിഗ്രി: 1400 അധ്യാപകര്‍ രാജിവെച്ചു

Posted on: July 3, 2015 6:00 am | Last updated: July 3, 2015 at 12:14 am

പറ്റ്‌ന: വ്യാജ ഡിഗ്രിയുള്ള 1400 പ്രൈമറി അധ്യാപകര്‍ ബീഹാറില്‍ ജോലി രാജിവെച്ചു. വ്യാജ ഡിഗ്രി സമ്പാദിച്ച അധ്യാപകര്‍ സ്വമേധയാ രാജിവെക്കുകയോ നിയമനടപടികള്‍ക്ക് വിധേയരാകുകയോ ചെയ്യണമെന്ന പറ്റ്‌ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അധ്യാപകര്‍ ജോലി ഉപേക്ഷിച്ചത്. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് രാജിവെക്കാന്‍ ഈ മാസം എട്ട് വരെ സര്‍ക്കാര്‍ സമയം നല്‍കിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ജോലിയില്‍ നിന്ന് രാജി സമര്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ മഹാജന്‍ പറഞ്ഞു. വ്യാജ ഡിഗ്രി കരസ്ഥമാക്കിയ മൂന്നര ലക്ഷം അധ്യാപകര്‍ ബീഹാറില്‍ ജോലി സമ്പാദിച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എല്‍ നരസിംഹ റെഡ്ഡിയും ജസ്റ്റിസ് സുധീര്‍ സിംഗും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ വിധി. മതിയായ യോഗ്യതയില്ലാത്ത അധ്യാപകരെ കണ്ടുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി എട്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരെയും 38 ഇന്‍സ്‌പെക്ടര്‍മാരെയുമാണ് നിയോഗിച്ചത്. അതേസമയം വ്യാജ ഡിഗ്രിയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മൂന്ന് മുതല്‍ നാല് വരെ മാസം സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏതെങ്കിലും അധ്യാപകരെ ഇത്തരത്തില്‍ സര്‍വീസില്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടി. ഇവരുടെ ശമ്പളം തിരിച്ചുപിടിക്കുകയും അടിയന്തരമായി സര്‍വീസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.