ഡിഷ് ടിവികള്‍ക്കെതിരെ നടപടി കര്‍ശനം: നിയമലംഘകര്‍ക്ക് ഭീമമായ പിഴ ചുമത്തും

Posted on: July 2, 2015 8:00 pm | Last updated: July 2, 2015 at 8:22 pm

articles100-1064ദുബൈ: അനധികൃത ഡിഷ് ടി വി കണക്ഷനുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപടിയുടെ ഭാഗമായി ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും അനധികൃത ഡിഷ് ആന്റിനകള്‍ ഇളക്കിമാറ്റുകയും ചെയ്തു. ദുബൈ സാമ്പത്തിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പല കെട്ടിടങ്ങളുടെ കാവല്‍ക്കാര്‍ക്കും മുന്നറിയിപ്പ് ഉള്‍പെട്ട നോട്ടീസ് സംഘം പതിക്കാനായി നല്‍കിയിട്ടുണ്ട്. അതേ സമയം ആര്‍ക്കെങ്കിലും പിഴ ചുമത്തിയതായി അറിയില്ലെന്ന് കെട്ടിട കാവല്‍ക്കാരില്‍ ഒരാള്‍ വ്യക്തമാക്കി.
ഇന്ത്യന്‍-പാക്കിസ്ഥാനി സമൂഹമാണ് ഇത്തരം ഡിഷുകളുടെ മുഖ്യ ഉപഭോക്താക്കള്‍. അനധികൃത ഡിഷ് ആന്റിനകള്‍ ഉപയോഗിക്കുന്നത് 50,000 ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ഇവരില്‍ പലര്‍ക്കും അറിയില്ല. ലൈസന്‍സില്ലാതെ ഇത്തരം ആന്റിനകള്‍ വില്‍ക്കുകയോ, വിതരണം ചെയ്യുകയോ, സേനവം ലഭ്യമാക്കുകയോ ചെയ്യുന്നത് രാജ്യത്തെ നിയമത്തിന് എതിരാണെന്നാണ് കെട്ടിടങ്ങളില്‍ പതിക്കുന്ന ബോധവത്ക്കരണ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡിഷ് ടി വി, ടാറ്റ ടി വി, സ്‌കൈ/സണ്‍ ഡയറക്ട്, എയര്‍ടെല്‍ ഡിജിറ്റല്‍ ടി വി തുടങ്ങിയവ രാജ്യത്ത് അനുവദനീയമല്ലാത്ത ഡിഷ് ചാനലുകളാണെന്നും ബോധവത്ക്കരണ നോട്ടീസില്‍ പ്രത്യേകം വ്യക്താക്കിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ ഡിഷ് ഉപയോഗിക്കുക, അവ വില്‍പന നടത്തുക, ഡിഷ്, റിസീവര്‍, സ്മാര്‍ട് കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കുക തുടങ്ങിയവ ഭൗതികസ്വത്തവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുകയും വില്‍പന നടത്തുന്നതും സംഘടിതകുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതും പിഴയും ജയിലും ശിക്ഷ ലഭിക്കാവുന്നതുമാണ്. ഒ എസ് എന്‍ ആണ് യു എ ഇ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ പൊരുതുന്നത്. ടെലിവിഷന്‍ സേനവങ്ങള്‍ യു എ ഇയിലെ അംഗീകൃത ഏജന്‍സിയായ ഒ എസ് എന്നിലൂടെ മാത്രമേ സ്വീകരിക്കാവൂവെന്നും സാമ്പത്തിക വികസന മന്ത്രാലയെ ഇറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിന മേഖലയില്‍ മൊത്തം ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ എ എസ് എന്നിന് മാത്രമേ അധികാരമുള്ളൂ. മാസങ്ങള്‍ക്ക് മുമ്പേ രാജ്യത്ത് അനുവദനീയമല്ലാത്ത ഇത്തരം ഡിഷുകളില്‍ നിന്നും സേവനം സ്വീകരിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അന്ന് ബര്‍ ദുബൈ ഉള്‍പ്പെടെയുളള നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡിഷ് ടി വി ആന്റിനകള്‍ എടുത്തു മാറ്റുകയും ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കുയും ചെയ്തിരുന്നു. ആളുകള്‍ക്കിടയില്‍ ഇത്തരം ഡിഷ് കണക്ഷനുകളോടുള്ള പ്രിയമാണ് ലോകകപ്പ് ഫുട്‌ബോള്‍ നടന്ന കാലത്ത് നടപടി കര്‍ശനമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും സാമ്പത്തിക മെച്ചമാണ് ഇത്തരം ഡിഷ് ടി വി കണക്ഷനുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പലരും അനധികൃതമാണെന്ന് അറിയാതെയാണ് ഇത്തരം ഡിഷ് ടി വി കണക്ഷനുകള്‍ എടുത്ത് ഉപയോഗിക്കുന്നതെന്ന് ഒ എസ് എന്‍. സി ഇ ഒ ഡാവിഡ് ബുട്ടൊറാക് വ്യക്തമാക്കിയിരുന്നു. ഇത്തരം സേവനങ്ങളെ അറിഞ്ഞോ അറിയാതെയോ ആശ്രയിക്കുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. പ്രതിമാസം പലരും 50 ദിര്‍ഹം വീതമാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജായി സേവനദാതാക്കള്‍ക്ക് നല്‍കുന്നത്. ഇതേ പാക്കേജിന് അംഗീകൃത കമ്പനികള്‍ 264 മുതല്‍ 477 വരെ ദിര്‍ഹം ഈടാക്കുമ്പോഴാണിത്. ഇത്തരം സേവനം നല്‍കുന്ന നിരവധി കടകളിലും പോലീസിന്റെ നേതൃത്വത്തില്‍ മുമ്പും റെയ്ഡ് നടന്നിരുന്നു.
ഇത്തരത്തിലുള്ള നിയമ ലംഘകര്‍ അംഗീകൃത ബ്രോഡ്കാസ്‌റ്റേഴ്‌സിന് ഭീഷണിയാണ്. ഇത് കോപ്പി റൈറ്റ് നിയമത്തിന്റെ ലംഘനം കൂടിയാണ്. സെറ്റ് അപ്പ് ബോക്‌സുകള്‍ യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.