കോഴി വണ്ടി തടഞ്ഞ് കവര്‍ച്ച; നാല്‌പേര്‍ പിടിയില്‍

Posted on: July 2, 2015 10:38 am | Last updated: July 2, 2015 at 10:38 am

Kozhi Vandi Kavarcha Prathakla Noufal, Amal Manaf, Yousaf, Baburaj
മണ്ണാര്‍ക്കാട്: കോഴി വണ്ടി തടഞ്ഞ് കവര്‍ച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു.
ചെത്തല്ലൂര്‍ കാമ്പ്രം തോണിക്കടവന്‍ നൗഫല്‍ (29), ഒറ്റപ്പാലം പഴയ ലക്കിടി മുതുമുറ്റത്ത് അമല്‍ മനാഫ് (23), നാട്ടുകല്‍ പെരുണ്ടപുറത്ത് വീട്ടില്‍ യൂസഫ് എന്ന കുഞ്ഞൂട്ടി (24), ചെത്തല്ലൂര്‍ ആനക്കുഴി വീട്ടില്‍ ബാബുരാജ് എന്ന ബാബു (24) എന്നിവരെയാണ് മണ്ണാര്‍ക്കാട് സി ഐ മനോജ്കുമാറും സംഘവും ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കരിങ്കല്ലത്താണിയില്‍ നിന്നും പിടികൂടിയിരുന്നത്. സംഘത്തില്‍ നിന്നും കവര്‍ച്ചക്കുപയോഗിച്ച ഒരു സ്‌കോര്‍പ്പിയ ഉള്‍പ്പെടെ മൂന്ന് കാറുകളും കത്തിയും കണ്ടെടുത്തു.
കഴിഞ്ഞ 26ന് ആര്യമ്പാവ് യാത്രി നിവാസിന് സമീപം വെച്ചാണ് കോട്ടക്കല്‍ സ്വദേശി റംഷാദിന്റെ കോഴി വണ്ടി കവര്‍ന്നത്. രണ്ടു കാറുകളിലായി എത്തിയ സംഘം കോഴി കയറ്റി വന്ന വാഹനം തടഞ്ഞ് ജീവനക്കാരെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി കാറില്‍ കയറ്റികെണ്ടുപോയി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന കോഴികളെ കൊടുന്നോട്ടുളള ഫാമിലെത്തി കോഴികളെ വില്‍പ്പന നടത്തി ലോറി ഉപേക്ഷിക്കുകയുമായിരുന്നു.
ലോറിയിലുണ്ടായിരുന്ന 5 ലക്ഷം രൂപ മോഷണം നടത്തിയിരുന്നതായി പരാതിയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം പോലീസ് നിഷേധിച്ചു. കവര്‍ച്ചയുടെ ഗൂഢാലോചനയുടെ ഭാഗമായി മണ്ണാര്‍ക്കാട് തോരാപുരം സ്വദേശി നാരായണ പ്രസാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോഴി ഇടപാടുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ സ്വദേശിയായ റംഷാദില്‍ നിന്നും 19 ലക്ഷം രൂപയോളം നാരായണ ന് കിട്ടാനുണ്ടെന്നും ഇതുലഭിക്കാത്തതിനെ തുടര്‍ന്ന് നാരായണപ്രസാദ് ക്വാട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയും ഇവരാണ് കോഴിവണ്ടി റാഞ്ചി പണം വസൂലാക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് വിശദീകരണം.
സംഭവത്തിനുശേഷം പ്രതികള്‍ ചെര്‍പ്പുളശ്ശേരിയിലും പാലക്കാടും ലോഡ്ജുകളില്‍ താമസിക്കുകയും 30ന് കോട്ടക്കലിലേക്ക് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടുന്നത്. പ്രതികളില്‍ നൗഫലിനെതിരെ ചെര്‍പ്പുളശ്ശേരി, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലായി വധശ്രമ കേസുകളുള്‍പ്പെടെ നിരവധി കേസുകളുണ്ട്. ബാബുരാജിനെതിരെ ചെര്‍പ്പുളശ്ശേരി, നാട്ടുകല്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ളതായും അമല്‍ മനാഫ് ഒറ്റപ്പാലത്തെ ഗുണ്ടാസംഘവമായി ബന്ധമുള്ളയാളാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. മണ്ണാര്‍ക്കാട് സി ഐ ആര്‍ മനോജ്കുമാര്‍, എസ് ഐ ജോര്‍ജ്ജ്, സിവില്‍ പോലീസ് ഓഫീസര്‍ാരായ ബെന്നി, ഷാഫി, സതീഷ്, കൃഷ്ണദാസ് എന്നിരാണ് പ്രതികളെ പിടികൂടിയത്.