ഡല്‍ഹിയില്‍ ചെലവഴിച്ച 19,000 കോടിക്ക് രേഖകളില്ല

Posted on: July 2, 2015 5:54 am | Last updated: July 1, 2015 at 11:55 pm

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ചെലവഴിച്ച 19,000 കോടി രൂപ ഏത് വഴിക്കാണെന്നതിന് തെളിവില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയാണ് എന്തിന് വേണ്ടിയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിന് കഴിയാത്തതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 മാര്‍ച്ച് വരെ അനുവദിച്ച 26,434.30 കോടിയുടെ പദ്ധതി തുകയില്‍ ചെലവഴിച്ച 19,064.02 കോടി രൂപ ഏത് ഇനത്തിലാണെന്ന് വ്യക്തമാക്കുന്ന പ്രയോജന പ്രമാണം (യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്) ഹാജരാക്കന്‍ സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞില്ലെന്നാണ് സി എ ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരത്തില്‍ 4,784 പ്രയോജന പ്രമാണമാണ് സി എ ജിക്ക് ലഭിക്കാനുള്ളത്. ഇതില്‍ത്തന്നെ പകുതിയോളവും (2267 എണ്ണം) കഴിഞ്ഞ പത്ത് വര്‍ഷമായി കാത്തിരിക്കുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മാത്രമായി 5,651.17 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടിട്ടുള്ളത്.
ഇത് മാത്രമല്ല, ഡല്‍ഹി സര്‍ക്കാറിന്റെ മറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങളെയും സി എ ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനം നിരാശാജനകമാണ് എന്നതാണ് അതില്‍ പ്രധാനം. 2009-10 വര്‍ഷത്തില്‍ പ്രൈമറി സ്‌കൂളുകളിലെ ശരാശരി ഹാജര്‍നില 74 ശതമാനമായിരുന്നത് 2013- 14 ആകുമ്പൊഴേക്ക് 66 ശതമാനമായി കുറഞ്ഞു.
സര്‍വശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനങ്ങളും വേണ്ടത്ര മുന്നോട്ട് പോയിട്ടില്ല. വിദ്യാര്‍ഥികളെ ചേര്‍ക്കല്‍, ഹാജര്‍ നില, അത് നിലനിര്‍ത്തല്‍ എന്നിവയുടെ കാര്യത്തില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം നിര്‍ദേശിച്ച അത്രയും ദിവസങ്ങളില്‍ വകുപ്പിന് നടത്താന്‍ കഴിഞ്ഞിട്ടില്ല. 2,102 ഓളം ഭക്ഷ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 90 ശതമാനവും പോഷക മൂല്യങ്ങള്‍ ആവശ്യത്തിന് ഇല്ലാത്തവയാണെന്നും സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപവത്കരിച്ച് 39 വര്‍ഷം പിന്നിട്ടിട്ടും വിനോദ സഞ്ചാര മേഖലയില്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. 2009- 14 വര്‍ഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 108 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
എന്നാല്‍, ഇതില്‍ വെറും 30 ശതമാനം മാത്രമാണ് കോര്‍പറേഷന്റെ അധീനതിയിലുള്ള സ്ഥലങ്ങളിലേക്കുള്ളതെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.