കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി വകുപ്പ് സെക്രട്ടറി അന്വേഷിക്കും

Posted on: July 2, 2015 6:00 am | Last updated: July 1, 2015 at 11:37 pm

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സഹകരണ വകുപ്പ് സെക്രട്ടറിയെ ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. അഴിമതിയുടെ പേരില്‍ ബോര്‍ഡ് പിരിച്ചു വിടാന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയ എം ഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ തുറന്ന പോരിനൊരുങ്ങിയ പ്രസിഡന്റും കൂട്ടരും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇതേക്കുറിച്ച് നിശബ്ദത പാലിച്ചു. വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം.
വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെയും തനിക്ക് നേരില്‍ ബോധ്യപ്പെട്ട കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് അഡ്വ. ജോയി തോമസിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഭരണ സമിതിയും എം ഡിയും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നിരുന്നു.
ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച അഡ്വ. ജോയി തോമസ്, എം ഡിയുമായി ഇനി സഹകരിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റിന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. സതീശന്‍ പാച്ചേനി അടക്കമുള്ള എ ഗ്രൂപ്പ് പ്രതിനിധികള്‍ എം ഡിക്ക് അനുകൂലമായ നിലപാട് എടുത്തത് പ്രസിഡന്റിനെ വെട്ടിലാക്കി.
എം ഡിയുടെ നിലപാടിനൊപ്പമാണ് സര്‍ക്കാറിലെ പ്രബല വിഭാഗമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇതേക്കുറിച്ച് വകുപ്പ് സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന ഫോര്‍മുല ഉരുത്തിരിഞ്ഞത്. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത സ്‌പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാലിനോട് ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ആവശ്യപ്പെടുകയായിരുന്നു.