ഗുരുവായൂരിലെ കരിവീരന്മാര്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍

Posted on: July 1, 2015 1:29 pm | Last updated: July 1, 2015 at 1:29 pm

Elephants_at_punnathoor_ffkotta1ഗുരുവായൂര്‍ ദേവസ്വം ആനതാവളത്തിലെ ഗജവീരന്മാര്‍ക്ക് ഇനിയുള്ള ഒരുമാസക്കാലം സുഖചികില്‍സ നാളുകള്‍. ഇന്ന് വൈകീട്ട് 3 ന് ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ സുഖചികില്‍സയുടെ ഉദ്ഘാടനം ചെയ്യും. ജൂലായ് 30 വരെയുള്ള ദിവസങ്ങളില്‍ ആനയുടെ ശരീരഭാരത്തിനനുസരിച്ചുള്ള വിവിധ വിഭാഗങ്ങളിലായി ആഹാരത്തിന്റെ അളവ് നിശ്ചയിച്ച് ഭക്ഷണം നല്‍കും.വാതസംബന്ധമായ അസുഖം പ്രകടിപ്പിക്കുന്ന ആനകള്‍ക്ക് മുതിരയും അല്ലാത്തവയ്ക്ക് ചെറുപയറും ചോറിനൊപ്പം നല്‍കും. മദപ്പാടില്‍ നില്‍ക്കുന്ന ആനകള്‍ക്കും അല്ലാത്തതുമായ ആനകള്‍ക്ക് നല്‍കുന്ന ചികില്‍സയിലൂടെ അവയുടെ ശരീര പുഷ്ടിയും ആരോഗ്യത്തിന്റെ വീണ്ടെടുപ്പും സാധ്യമാകുന്നു. ഗജരത്‌നം പത്മനാഭന്‍, വലിയകേശവന്‍, ഇന്ദ്രസെന്‍, എന്നീ ആനകള്‍ മദപ്പാടില്‍ ആയതിനാല്‍ വിശിഷ്ടാഹാരം മദപ്പാടിന് ശേഷം നല്‍കും. ദേവസ്വം ആനകളുടെ സുഖചികില്‍സയ്ക്കായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ദേവസ്വം വെറ്റിനറി ഓഫീസര്‍ ഡോ സുനില്‍കുമാര്‍, ജീവധനം വിദഗ്ദ സമിതി അംഗങ്ങളായ ആവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ഡോക്ടര്‍മാരായ കെ.സി പണിക്കര്‍, കെ.എന്‍ മുരളീധരന്‍, പി.ബി ഗിരിദാസ്, ടി.എസ് രാജീവ്, എം.എന്‍ ദേവന്‍ നമ്പൂതിരിപ്പാട്, വിവേക്, അഡ്മിനിസ്‌ട്രേറ്റര്‍ ബി മഹേഷ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും .ഉദ്ഘാടനചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ പി.സി നാരായണന്‍ നമ്പൂതിരിപാട്, ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപാട്, എന്‍.രാജു, കെ ശിവശങ്കരന്‍, അഡ്വ എം ജനാര്‍ദനന്‍, അഡ്വ എ സുരേശന്‍, ബിനീഷ്, ജീവധനം വിദഗ്ദസമിതി അംഗങ്ങള്‍, വനം, മ്യഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.