കൊളപ്പള്ളിയിലും, ഓവാലിയിലും കാട്ടാനക്കൂട്ടം ആറ് വീടുകള്‍ തകര്‍ത്തു

Posted on: July 1, 2015 12:48 pm | Last updated: July 1, 2015 at 12:48 pm

elephent

ഗൂഡല്ലൂര്‍: ചേരങ്കോട് ഗ്രാമപഞ്ചായത്തിലെ കൊളപ്പള്ളിയിലും ഓവാലി പഞ്ചായത്തിലെ ചൂണ്ടിയിലും കാട്ടാനക്കൂട്ടം ആറ് വീടുകള്‍ തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കൊളപ്പള്ളിയില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കാട്ടാനക്കൂട്ടം വീട്ടു മുറ്റത്തെ മരം വീടിന് മുകളിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് പരുക്കേറ്റത്. ടാന്‍ടി ഒന്നാംഡിവിഷന്‍ സ്വദേശികളായ തവമണി (42) അഴകരത്‌നം (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ടാന്‍ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. അതുപോലെ ഓവാലി പഞ്ചായത്തിലെ ചൂണ്ടിയിലെ ആദിവാസി കോളനിയിലെ മാരന്‍, മാതന്‍, കേത്തന്‍, ബെള്ളി എന്നിവരുടെ വീടുകളും കാട്ടാനക്കൂട്ടം തകര്‍ത്തു. കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.