പാറ അമ്പലം പരിസര വാസികള്‍ക്ക് ഒരു മാസമായി കുടിവെള്ളമില്ല

Posted on: July 1, 2015 12:27 pm | Last updated: July 1, 2015 at 12:27 pm

water-tap
പാലക്കാട്: എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ പാറ അമ്പലം പരിസരവാസികള്‍ക്ക് ഒരുമാസമായി കുടിവെള്ളമില്ല. എലപ്പുള്ളി പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുകിലോമീറ്റര്‍ അകലെയുള്ള പാറ മാങ്കരിയമ്മന്‍ ക്ഷേത്രത്തിലെ കിണറ്റില്‍നിന്നുമാണ് ഇവര്‍ ഇപ്പോള്‍ വെള്ളമെടുക്കുന്നത്.
റോഡ് മുറിച്ചുകടന്നുവേണം വെള്ളമെടുക്കാനായി അമ്പലത്തിലെത്താന്‍. ഇത്തരത്തില്‍ റോഡ് മുറിച്ചുകടന്ന് വെള്ളമെടുക്കാനായി പോകുമ്പോള്‍ രണ്ട് സ്ത്രീകള്‍ അപകടത്തില്‍പ്പെട്ടു. കൂലിപ്പണിക്കുപോകുന്ന സ്ത്രീകളാണ് ഈ പ്രദേശത്ത് അധികവും. പണിക്കുപോയി വന്നതിനുശേഷം ഒരുകിലോമീറ്ററോളം പോയി വെള്ളമെടുക്കേണ്ടിവരുന്ന ദുരവസ്ഥയിലാണിവര്‍. പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെയായപ്പോള്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പഞ്ചായത്ത് ഉപരോധിക്കാനെത്തി. എന്നാല്‍, ഉച്ചക്ക് 12വരെ കാത്തുനിന്നിട്ടും പ്രസിഡന്റിനെ കാണാന്‍ കഴിഞ്ഞില്ലെന്നും വീട്ടില്‍വന്ന് കാണാന്‍ പ്രസിഡന്റ് അറിയിച്ചതായും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന്, പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഉടന്‍തന്നെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതായി പാറനിവാസികള്‍ പറഞ്ഞു.
കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനായി കലക്ടര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.