Connect with us

Articles

വിജയം ശബരീനാഥന്; നേട്ടം ഉമ്മന്‍ ചാണ്ടിക്കും

Published

|

Last Updated

1422,1052,1449,369…. പഞ്ചായത്തുകളില്‍ നിന്ന് പഞ്ചായത്തുകളിലേക്ക് ഭൂരിപക്ഷവുമായി ശബരീനാഥ് മുന്നേറുകയായിരുന്നു. ഇടതുകേന്ദ്രങ്ങളില്‍ പോലും ശബരി നേട്ടം കൊയ്‌തെടുത്തു. ഒരേസമയം സി പി എമ്മിന്റെ കരുത്തനായ സ്ഥാനാര്‍ഥി എം വിജയകുമാറിനെയും ബി ജെ പിയുടെ ഉന്നതനായ ഒ രാജഗോപാലിനെയും പിന്നിലാക്കി കേരള രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐയുടെ യുവ സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍ വിജയം കൈപ്പിടിയിലൊതുക്കി. ആധികാരിക വിജയം.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരുന്നു അരുവിക്കരയിലേത്. യു ഡി എഫിനും എല്‍ ഡി എഫിനും ബി ജെ പിക്കും ഒരുപോലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ്. രാഷ്ട്രീയമായി യു ഡി എഫിന് വളരെ മോശപ്പെട്ട കാലാവസ്ഥയില്‍ നടന്ന തിരഞ്ഞെടുപ്പെന്ന പ്രാധാന്യവും അരുവിക്കരക്കുണ്ട്. ബാര്‍ കോഴ വിവാദം മുതല്‍ അഴിമതിയാരോപണങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്ന സമയം. യു ഡി എഫിലും കോണ്‍ഗ്രസില്‍ തന്നെയും സംഘര്‍ഷം ഉരുണ്ടുകൂടിയ കാലഘട്ടം. ഇടതുപക്ഷമാകട്ടെ, വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ബലത്തില്‍ അരുവിക്കരയില്‍ വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ തിരിച്ചുവരാമെന്ന് സ്വപ്‌നം കണ്ട നേരവും.
രാഷ്ട്രീയമായി എന്തുകൊണ്ടും കാര്യങ്ങള്‍ ഇടതുപക്ഷത്തിനനുകൂലമായിരുന്നു. കേരളത്തില്‍ ഒരു സര്‍ക്കാറും അഴിമതി ആരോപണങ്ങളില്‍ പെട്ട് ഇത്രകണ്ട് ആടിയുലഞ്ഞിട്ടില്ല. ബാര്‍ കോഴ വിവാദം ധനമന്ത്രി കെ എം മാണിയെ വട്ടം കറക്കുകയായിരുന്നു. പല മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തന്നെ തകര്‍ത്തുകളഞ്ഞു. ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷ നേടാന്‍ ഐക്യജനാധിപത്യ മുന്നണിക്ക് അരുവിക്കരയില്‍ വിജയം അനിവാര്യമായിരുന്നു. ഇക്കാര്യം യു ഡി എഫില്‍ മറ്റാരെക്കാളുമധികം മനസ്സില്‍ കൊണ്ടുനടന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ. ഒരു വിജയത്തിന് വേണ്ടി ഉമ്മന്‍ ചാണ്ടി മുന്നിട്ടിറങ്ങി. വീടുകള്‍ കയറിയിറങ്ങി. കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് ചെറിയ ജനക്കൂട്ടങ്ങളോട് സംസാരിച്ചു. അതുകൊണ്ട് തന്നെ ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു. ആശ്വസിക്കാനും.
വിജയം കൈവിട്ടുപോയ ഇടതുപക്ഷത്തിന്റെ നഷ്ടം വളരെ വലുതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊന്നും ഇടതുപക്ഷത്തിന് ജയിക്കാനായില്ല. സര്‍ക്കാറിന്റെ പ്രതിച്ഛായ ഏറെ മോശപ്പെട്ടിരിക്കുന്ന ഈ സമയത്ത് അരുവിക്കരയില്‍ ഒരു വിജയം ഇടതുപക്ഷത്തിന് ഏറെ അത്യാവശ്യമായിരുന്നു. മുന്നണി വികസിപ്പിക്കാനും അടുത്തുവരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം വരിക്കാന്‍ അരുവിക്കരയിലെ വിജയം ഇടതുപക്ഷത്തെ സഹായിക്കുമായിരുന്നു. പക്ഷേ, ഇനിയിപ്പോള്‍ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി ഏറെ അധ്വാനിക്കേണ്ടിവരുമെന്ന നിലയിലാണ് ഇടതുപക്ഷം.
പിണറായി വിജയന്‍ മണ്ഡലത്തിന്റെ അടിത്തട്ടുകളിലേക്ക് ഇറങ്ങി പാര്‍ട്ടി അണികളെ ശക്തിപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു അരുവിക്കരയിലേത്. ബൂത്തുകള്‍ കേന്ദ്രീകരിച്ച് കടുത്ത പ്രവര്‍ത്തനത്തില്‍ പിണറായി മുഴുകിയപ്പോള്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച് വി എസ് അച്യുതാനന്ദന്‍ സ്വന്തം ശൈലിയില്‍ പ്രസംഗിച്ച് ആവേശമുയര്‍ത്തി. സി പി എം സര്‍വസന്നാഹങ്ങളോടെയുമായിരുന്നു രംഗത്ത്. എങ്കിലും യു ഡി എഫിന്റെ തേരോട്ടത്തിനു തടയിടാന്‍ ഇടതുപക്ഷത്തിനായില്ല. ഇനിയിപ്പോള്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും. സി പി എമ്മിനും ഇടതുപക്ഷത്തിനും.
ബി ജെ പി പ്രതീക്ഷിച്ചതിലധികം വോട്ട് നേടിയെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പക്ഷേ, അത് ഒ രാജഗോപാല്‍ സ്ഥാനാര്‍ഥിയായതുകൊണ്ട് മാത്രമാണെന്ന കാര്യം ബി ജെ പി നേതൃത്വത്തിന് നന്നായറിയാം. രണ്ട് മുന്നണികളും രണ്ട് കൊടുമുടി പോലെ വളര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍ വിജയത്തിന്റെ കൊടി ഉയര്‍ത്തുക അത്ര എളുപ്പമല്ലെന്ന് ബി ജെ പി ഒരിക്കല്‍ കൂടി മനസ്സിലാക്കിയിരിക്കുന്നു.
ഇനി യു ഡി എഫിലേക്ക് നോക്കാം. മുന്നണിയില്‍ തലവേദനയായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയും പി സി ജോര്‍ജും പുറത്തുപോയ സമയത്താണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്. രണ്ട് പേര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തി തെളിയിക്കാനായില്ല. അവര്‍ ഉയര്‍ത്തിയ വെല്ലുവിളികളുടെയെല്ലാം മുന തിരഞ്ഞെടുപ്പ് ഫലം ഒടിച്ചുകളഞ്ഞിരിക്കുന്നു. രണ്ട് പേരും ഇനി പുതിയ വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയാകട്ടെ, സ്വന്തം നില ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു. നേതൃമാറ്റം വേണമെന്ന ആവശ്യം പരസ്യമായും രഹസ്യമായും സ്വന്തം പാര്‍ട്ടിയില്‍ ഉയരാന്‍ തുടങ്ങിയപ്പോഴാണ് തിരഞ്ഞെടുപ്പ് വന്നത്. അതുകൊണ്ട് തന്നെയാകണം, ഉമ്മന്‍ ചാണ്ടി ആദ്യമേ പറഞ്ഞു. ഈ ഉപതിരഞ്ഞെടുപ്പ് തന്റെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന്. അത്ര കണ്ട് ശുഭപ്രതീക്ഷയും ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ കണ്ടുകൊണ്ട് തന്നെയാണ് ഉമ്മന്‍ ചാണ്ടി ഈ പ്രഖ്യാപനം നടത്തിയത്. ഇനിയിപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിലാരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ഹൈക്കമാന്‍ഡ് ഇനിയും കേള്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയെ തന്നെയായിരിക്കും. അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെയാകും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്.
അപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന അഴിമതി ആരോപണങ്ങളുടെ കാര്യമോ? അഴിമതിക്കും കെടുകാര്യസ്ഥതക്കും നല്‍കിയ അംഗീകാരമാണോ അരുവിക്കര വിജയം? ഇവിടെയാണ് ഇനി ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ഇനി ഉമ്മന്‍ ചാണ്ടിക്ക് മുന്നോട്ട് നോക്കി ഭരിക്കാം. വിഴിഞ്ഞം മുതല്‍, വേണമെങ്കില്‍ ഒരു മന്ത്രിസഭാ പുനഃസംഘടന വരെ മുഖം മിനുക്കാന്‍ നടപടികള്‍ ഏറെ ഉണ്ടാകും. ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിലും യു ഡി എഫിലും ഇനി ആരുമുണ്ടാവില്ലെന്നത് ഒരു വലിയ കാര്യമാണ്. ഒരു മുഖ്യമന്ത്രിക്ക് ഏറെ ആവശ്യമാണ് ഈ സാഹചര്യം.

Latest