നോമ്പിന്റെ പൂര്‍ണതക്ക്‌

  Posted on: June 27, 2015 12:28 am | Last updated: June 26, 2015 at 11:31 pm

  ramadanഇമാം ഗസ്സാലിയടക്കമുള്ള ആധ്യാത്മിക പണ്ഡിതന്മാര്‍ നോമ്പിനെ മൂന്ന് തരമായി വിഭജിച്ചിരിക്കുന്നു. സാധാരണക്കാരുടെ നോമ്പ്, വിശിഷ്ട വ്യക്തികളുടെ നോമ്പ്, അതിവിശിഷ്ടരുടെ നോമ്പ് എന്നിവയാണത്. ആമാശയവും ലൈംഗികാവയവും നിശ്ചിത പരിധിയില്‍ ഒതുക്കിക്കഴിഞ്ഞുകൊണ്ടുള്ള വ്രതാനുഷ്ഠാനമാണ് സാധാരണക്കാരുടെ നോമ്പ്. അതേയവസരം കണ്ണും കാതും നാവും കൈകാലുകളുമൊക്കെ അതാതിന്റെ തിന്മകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുകയും മാനസികമായി അത്തരം തിന്മകളെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന വിശുദ്ധ വ്യക്തികളുടെ നോമ്പാണ് രണ്ടാമത്തേത്. അല്ലാഹു അല്ലാത്ത മറ്റു വിഷയങ്ങളിലൊന്നും ചിന്തിക്കാതെ പൂര്‍ണമായി അല്ലാഹുവില്‍ വിലയം പ്രാപിച്ച് ഭൗതിക ചിന്തകളില്‍ നിന്നും നൈസര്‍ഗിക വാസനകളില്‍ നിന്നുമൊക്കെ മുക്തമായിക്കഴിഞ്ഞുകൂടുന്നവരുടെ നോമ്പാണ് മൂന്നാമത്തേത്.
  ഇവയില്‍ രണ്ടാം സ്ഥാനം നേടിയെടുക്കുക പ്രയാസമുള്ള കാര്യമല്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിശ്വാസികള്‍ക്ക് സാധാരണഗതിയില്‍ എത്തിച്ചേരാവുന്നതാണത്. തെറ്റായ ദൃശ്യമാധ്യമങ്ങളും മ്ലേച്ഛ രംഗങ്ങളുമൊന്നും ശ്രദ്ധിക്കാതെ പൂര്‍ണമായി ഹലാലായതു മാത്രം കാണുകയും അല്ലാഹുവിന്റെ ഭക്തിയും അവനെക്കുറിച്ചുള്ള ചിന്തയും വര്‍ധിപ്പിക്കുകയും തെറ്റായ രംഗങ്ങള്‍ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തത്തുകയും ചെയ്യുക. ഹസ്‌റത്ത് ജാബിര്‍(റ) നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസില്‍ ഇങ്ങനെ കാണാം. അഞ്ച് കാര്യങ്ങള്‍ നോമ്പിനെ മുറിച്ച് കളയുന്നു. കളവ് പറയുക, പരദൂഷണം പറയുക, ഏഷണി പറയുക, കള്ളസത്യം ചെയ്യുക, വികാരത്തോടെ അന്യസ്ത്രീയെ ദര്‍ശിക്കുക എന്നിവയാണത്. (ഇഹ്‌യ) ഇവയില്‍ നാല് കാര്യങ്ങളും നാവിന്റെ പ്രവര്‍ത്തനങ്ങളാണ്. ഇക്കാര്യങ്ങളില്‍ നിന്ന് നാവിനെ വിലക്കുകയും ശ്രദ്ധാപൂര്‍വം ‘ഞാന്‍ നോമ്പുകാരനാണ്; എന്റെ പ്രതിഫലം നഷ്ടപ്പെട്ടുകൂടാ’ എന്ന ബോധത്തോടെ കഴിയുകയും ചെയ്യുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും. അഞ്ചാമത്തേത് കാണാനും ആസ്വദിക്കാനും നോമ്പുകാരന്‍ സമയം തുലക്കരുത്. അന്യസ്ത്രീയെ നോക്കുക, അവളുടെ ഫോട്ടോ കണ്ടാസ്വദിക്കുക, സിനിമയിലും ടി വിയിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ കണ്ടാസ്വദിക്കുക തുടങ്ങിയവയൊക്കെ തിന്മയാണ്. നോമ്പിന്റെ ഭക്തിയും പുണ്യവുമൊക്കെ ഈ രംഗങ്ങള്‍ ഹനിച്ചുകളയും. ‘എത്രയെത്ര നോമ്പുകാര്‍, വിശപ്പും ദാഹവുല്ലാതെ അവര്‍ക്കൊന്നും ശേഷിക്കുന്നില്ല’ എന്ന് തിരുനബി (സ) പറഞ്ഞത് ഇത്തരക്കാരെ കുറിച്ചാണ്. തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങളും ശീലങ്ങളും വകവെച്ചുകൊടുക്കുകയും അതിന്റെ പിന്നാലെ തന്നെ പ്രയാണം തുടരുകയും ചെയ്യുന്നവരുടെ നോമ്പ് ഫലശൂന്യമാണ്. തത്കാലം നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുമെങ്കിലും തന്റെ നോമ്പ് പ്രതിഫലാര്‍ഹമായിത്തീരാതെ നഷ്ടപ്പെടുമെന്ന് ഇത്തരക്കാര്‍ ഓര്‍ക്കുക.
  തന്റെ ചെവിയെയാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്. ഏഷണിയും പരദൂഷണവും കേട്ട് കഴിയുകയാണ് സമൂഹം മൊത്തത്തില്‍. രാഷ്ട്രീയത്തിന്റെയും ഗ്രൂപ്പ് വൈരത്തിന്റെയും പേരില്‍ മറ്റുള്ളവരെ ആക്ഷേപിക്കാനും അവരെക്കുറിച്ച് കളവ് പറഞ്ഞു പരത്താനും ഇന്ന് അധികമാര്‍ക്കും യാതൊരു മടിയുമില്ല. പണ്ഡിതന്മാരെയും നേതാക്കളെയുമൊക്കെ കുറ്റം പറഞ്ഞ് അവരുടെ പച്ച മാംസം തിന്നുകഴിയാന്‍ സമൂഹത്തെ സജ്ജമാക്കുന്ന സംഘടനകളും സംവിധാനങ്ങളുമൊക്കെ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂക്ഷിക്കുക, നാം ഒരാളെയും കുറ്റം പറഞ്ഞുകൂടാ. ആരെയും ആക്ഷേപിച്ചുകൂടാ. എന്തെങ്കിലും പോരായ്മകള്‍ ആരിലെങ്കിലും ദൃശ്യമായിട്ടുണ്ടെങ്കില്‍ അവരെ നേരില്‍ കണ്ട് വ്യക്തമായി പറഞ്ഞ് മാന്യമായി മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്. പകരം പൊതുവേദികളിലും പീടികത്തിണ്ണയിലുമിരുന്ന് അന്യരുടെ കുറ്റവും കുറവും പറയുന്നവര്‍ പച്ച മാംസം കൊത്തിവലിക്കുന്ന കഴുകന്‍മാരാണ്. നോമ്പ് കാലത്തെങ്കിലും ഈ തിന്മയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
  ഇത്തരം തിന്മകളിലൊന്നും പെടാതെ ഏഷണി, പരദൂഷണം, അശ്ലീലം തുടങ്ങിയ തിന്മകളില്‍ നിന്നൊക്കെ പിന്മാറുകയും സത്യമാണെന്ന് ബോധ്യപ്പെട്ടതും കാര്യമുള്ളതുമായ വാര്‍ത്തകള്‍ മാത്രം കൈമാറുകയും ചെയ്യാന്‍ നോമ്പുകാര്‍ ശ്രദ്ധിക്കണം. ഇത്തരക്കാര്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കുകയും അവരുടെ നോമ്പുകള്‍ സ്വീകാര്യമാകുകയും ചെയ്യും. ഒരാള്‍ തന്നെ ചീത്ത പറയുകയോ തന്നോട് സംഘട്ടനത്തിലേര്‍പ്പെടുകയോ ചെയ്താല്‍ ‘ഞാന്‍ നോമ്പുകാരനാണ്’ എന്ന് പറഞ്ഞ് പിന്മാറാനാണ് നബിയുടെ നിര്‍ദേശം.
  ചീത്ത വാര്‍ത്തകള്‍ പറയുന്നതുപോലെ അത് കേള്‍ക്കുന്നതും തിന്മയാണ്. പരദൂഷണവും ഏഷണിയുമൊക്കെ സന്തോഷപൂര്‍വം കേട്ടിരിക്കുന്നവരുണ്ട്. അവയെ എതിര്‍ക്കാനും ഉപദേശിച്ചു നന്നാക്കാനും സാധിക്കില്ലെങ്കില്‍ വേഗം രംഗം വിടുകയും നല്ല സദസ്സുകളും സാഹചര്യങ്ങളും കണ്ടെത്തുകയുമാണ് വേണ്ടത്. ഇത് കണ്ടെത്താത്ത പക്ഷം ഏകാന്തപഥികനായി ഒഴിഞ്ഞിരിക്കകയും ദിക്ര്‍, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം എന്നിവയിലായി കഴിയുകയും ചെയ്യുക.
  നോമ്പുകാരെ നോമ്പ് തുറപ്പിക്കുക, പുണ്യമുള്ള കാര്യമാണ്. പക്ഷേ, പൂര്‍ണമായും ഹലാലായ സമ്പത്തായിരിക്കണം അതിന് ചെലവഴിക്കേണ്ടത്. കട്ടും കവര്‍ന്നും പോക്കറ്റടിച്ചും ബേങ്കില്‍ നിന്ന് ലോണെടുത്തുമൊക്കെ നോമ്പ് തുറ സംഘടിപ്പിക്കുന്നവര്‍ വിശുദ്ധ മനസ്സോടെ നോമ്പനുഷ്ഠിച്ച വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹലാലായ ആഹാരം കഴിച്ച് നോമ്പെടുക്കുകയും ഹറാം കഴിച്ച് നോമ്പ് തുറക്കുകയും ചെയ്യുന്ന സാഹചര്യമാണിന്ന് പലേടത്തും. ഭീമന്‍ സദ്യയൊരുക്കി വിളമ്പുന്നതില്‍ മഹത്വമൊന്നുമില്ല. ഹലാലായ സമ്പത്ത് ചെലവഴിച്ച് ലളിതമായ വിഭവങ്ങള്‍ നല്‍കിയാല്‍ മതി. നോമ്പ് തുറക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ക്ഷണിക്കുന്നവര്‍ ആരാണെന്ന് ചിന്തിച്ച ശേഷമേ ക്ഷണം സ്വീകരിക്കേണ്ടതുള്ളൂ. ഹറാമായ വിഭവങ്ങളും സദ്യകളും വിളമ്പുന്നിടത്ത് പങ്കെടുക്കരുത്. അത്തരം ആഹാരങ്ങള്‍ കഴിച്ച് നമ്മുടെ ആരാധനകള്‍ നഷ്ടപ്പെടുത്തരുത്.
  നോമ്പുതുറ ലളിതമായിരിക്കണം. പകലന്തിയോളം പട്ടിണി കിടന്നു രാത്രി സമയത്ത് മൂക്കറ്റം തിന്നുകഴിയുന്നവര്‍ നോമ്പിന്റെ മഹത്വവും ലക്ഷ്യവും അറിയാത്തവരാണ്. മിതമായ ആഹാരവും പാനീയവുമാണ് നോമ്പുകാലത്ത് ശീലിക്കേണ്ടത്. അമിതാഹാരം അത്യാപത്ത് വിളിച്ചുവരുത്തും. നോമ്പിലൂടെ നേടാനുള്ള എല്ലാ നന്മകളും അത് നഷ്ടപ്പെടുത്തും. മറ്റു കാലത്തൊന്നും കഴിക്കാത്ത വിഭവസമൃദ്ധമായ സദ്യകളാണ് പലേടത്തും റമസാനില്‍. നാല്‍പ്പത് തരം അപ്പത്തരങ്ങളും നൂറ് കൂട്ടം വിഭവങ്ങളുമുണ്ടാക്കി സ്ത്രീകള്‍ രാപ്പകലുകളാകെ അടുക്കളയില്‍ ചെലവഴിക്കുകയാണ്. ഖുര്‍ആന്‍ പാരായണം, തറാവീഹ് തുടങ്ങിയ പുണ്യകര്‍മങ്ങളൊക്കെ ഉപേക്ഷിച്ച് നോമ്പുതുറ, കഞ്ഞി, അത്താഴം, മുത്താഴം ഇങ്ങനെ പല പേരിലും മണിക്കൂറുകള്‍ ഇടവിട്ട് വിളമ്പി കുട്ടികളെയും കുടുംബക്കാരെയും തീറ്റി മയക്കാനും അത് വലിയ പുണ്യമായി ഗണിക്കാനും ശ്രമിക്കുന്നവര്‍ മഹാ നഷ്ടത്തിലാണെത്തിച്ചേരുക.
  (അവസാനിച്ചു)