ഭിന്നശേഷിയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങണമെന്ന്‌

Posted on: June 26, 2015 2:54 pm | Last updated: June 26, 2015 at 2:54 pm

കോഴിക്കോട്: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. നായനാര്‍ ബാലികാസദനവും യു എല്‍ സി സി എസ് ഫൗണ്ടേഷനും തിരുവനന്തപുരം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചാലഞ്ച്ഡുമായി ചേര്‍ന്ന് നടത്തിയ ശില്‍പശാലയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.
ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രശ്‌നങ്ങളെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിടാന്‍ കഴിയാത്തതാണ് ഇന്നത്തെ പ്രശ്‌നം. കുട്ടികളെ സോപ്പ്, ചോക്ക് തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്നതിന് പകരം ലാഭകരമായ സ്വയംതൊഴിലിലേക്ക് നയിക്കണം. ഇതിനായി വിദ്യാഭ്യാസരംഗത്ത് സജീവമായ ഇടപെടല്‍ ആവശ്യമാണ്.
ഇതിനു പുറമെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകളേയും എയ്ഡഡ് ആക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ സ്‌കൂളുകളില്‍ അധ്യാപകേതര ജീവനക്കാരായി കഴിവുള്ള ഭിന്നശേഷിക്കാരെ നിയമിക്കാന്‍ തയ്യാറാകണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഭിന്നശേഷിയുള്ള കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി പരിപോഷിപ്പിക്കാന്‍ അച്ഛനമ്മമാര്‍ തന്നെ തയ്യാറാകണം. അതേസമയം രക്ഷിതാക്കളുടെ കാലശേഷം ഇവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ഹാളില്‍ നടന്ന ശില്‍പശാല കലക്ടര്‍ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡോ. വി വി മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍ പി വിനോദ്, എം മന്‍സൂര്‍, ഡോ. എം കെ ജയരാജ്, കെ കെ സത്യപാലന്‍ ക്ലാസെടുത്തു. പ്രൊഫ. സി കെ ഹരീന്ദ്രനാഥ്, ഡോ. സജി ഗോപിനാഥ്, ടി കെ മുഹമ്മദ് യൂനുസ്, പി രമേശന്‍, അഡ്വ. സി ജെ റോബിന്‍ പ്രസംഗിച്ചു.