പുരുഷകമ്മീഷന്‍ രൂപവത്കരിക്കണം; പുരുഷ രക്ഷാ നീതി സംഘം

Posted on: June 26, 2015 2:51 pm | Last updated: June 26, 2015 at 2:51 pm

കോഴിക്കോട്: വനിതാകമ്മീഷന്റെ മാതൃകയില്‍ സംസ്ഥാനത്ത് പുരുഷന്‍മാരുടെ അവകാശസംരക്ഷണത്തിനായി ഒരു പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് പുരുഷരക്ഷാ നീതിസംഘം സംസ്ഥാനകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന സ്ത്രീക്കും പുരുഷനും സമാവകാശം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും പീഡനത്തിനെതിരെ സ്ത്രീക്ക് എന്നതുപോലെ പുരുഷന് നിയമാവകാശം ലഭ്യമാവുന്നില്ല. ഗാര്‍ഹിക പീഡനനിയമവും, ഐ പി സി 498 എ വകുപ്പും വ്യാപകമായി സ്ത്രീകള്‍ക്ക് അനുകൂലമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പുരുഷപീഡനത്തിനെതിരെ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
വനിതകള്‍ക്ക് തുല്യമായ നീതി പുരുഷന്‍മാര്‍ക്കും ലഭ്യമാക്കാന്‍ ഗാര്‍ഹിക പീഡനനിയമം ഭേദഗതി ചെയ്യണം. പഞ്ചായത്തുകള്‍ തോറും പുരുഷപീഡനത്തിനെതിരായ പരാതികള്‍ ബോധിപ്പിക്കാന്‍ പരാതിപരിഹാര സെല്ലുകള്‍ ഏര്‍പ്പെടുത്തണം. നിയമപ്രകാരമല്ലാതെ പിരിയുന്ന ദമ്പതികളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ബാലപീഡന നിയമത്തില്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ പുരുഷ രക്ഷാ നീതിസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. സഞ്ജീവ് മരക്കാര്‍, വൈസ് പ്രസിഡന്റ് അഡ്വ. സി കെ സാജുമോഹന്‍,ജനറല്‍ സെക്രട്ടറി ജോണ്‍ ആലപ്പാട്ട്, സെക്രട്ടറിമാരായ സെബാസ്റ്റ്യന്‍ ജോസഫ്, ആന്റണി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.