Malappuram
ആദിവാസി കോളനികളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി
മലപ്പുറം: ആദിവാസി കോളനികളിലെ പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കോളനികളില്‍ കമ്മ്യൂനിറ്റി കിച്ചന്‍ പദ്ധതി നടപ്പാക്കും.
സബ് കലക്ടര്‍ അമിത് മീനയുടെ അധ്യക്ഷതയില്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആഴ്ചയിലൊരിക്കല്‍ പോഷകാഹാരം പാകം ചെയ്ത് കോളനികളില്‍ വിതരണം ചെയ്യുന്ന പദ്ധതി ജൂലൈ ആദ്യവാരം നടപ്പാക്കും. ആദ്യഘട്ടത്തില്‍ വഴിക്കടവ്, ചാലിയാര്‍, പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിലെ കോളനികളിലാണ് പദ്ധതി നടപ്പാക്കുക.
ഓരോ പഞ്ചായത്തുകളില്‍ നിന്നും മൂന്ന് കോളനികള്‍ കണക്കില്‍ വെറ്റിലക്കൊല്ലി, അമ്പുമല, കല്ലു, അളക്കല്‍, പുഞ്ചക്കൊല്ലി, മാഞ്ചീരി, അച്ചനള, നാരങ്ങാപ്പൊയില്‍, അപ്പന്‍കാവ് കോളനികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ചോലനായ്ക്കരുള്‍പ്പെടെയുള്ള ഏറെ പിന്നാക്കാവസ്ഥയിലുള്ള ആദിവാസികളുള്‍പ്പെട്ട കോളനികളാണിത്. ഐ ടി ഡി പി ഫണ്ടുപയോഗിച്ച് അതത് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആദിവാസികളെ സ്വയം പര്യാപ്തരാക്കുന്നതിനായി തിരഞ്ഞെടുത്ത കോളനികളില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ ചെറുകിട തൊഴില്‍ യൂനിറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. യോഗത്തില്‍ തഹസില്‍ദാര്‍ എം. അബ്ദുസലാം, ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഫ്‌സത്ത് പുളിക്കല്‍, ഷീബ പൂഴിക്കുത്ത്, ലിസി ജോസഫ്, മറിയാമ്മ എബ്രഹാം, മഹിളാ സമഖ്യ-കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ശേഷം വിവിധ വികസന പ്രവൃത്തികള്‍ നടക്കുന്ന കാട്ടുപുതുവായ്, മലച്ചി കോളനികളില്‍ സബ്-കലക്ടര്‍ സന്ദര്‍ശനം നടത്തി.




