Connect with us

International

കൊളംബിയന്‍ വിമാനാപകടം: കാണാതായ അമ്മയെയും കുഞ്ഞിനെയും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Published

|

Last Updated

ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയിലെ കൊടും വനത്തില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് കാണാതായിരുന്ന അമ്മയെയും കുഞ്ഞിനെയും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അത്ഭുതകരം എന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
നെല്ലി മുരിയ്യോ(18)യും മകന്‍ യുദിര്‍ മൊറിനൊയുമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച ചോക്കോ പ്രവിശ്യയിലെ ക്വിബ്‌ദോക്കടുത്ത് സെസ്‌ന 303 വിമാനം തകര്‍ന്നുവീണ സ്ഥലത്തിനടുത്തുള്ള ഇടതൂര്‍ന്ന വനത്തില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. കൊടും വനത്തില്‍ നടന്ന ഈ ദുരന്തത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ അത്ഭുതകരമാണെന്ന് കൊളംബിയ വ്യോമസേനാ കമാന്‍ഡര്‍ കേണല്‍ ഹെക്ടര്‍ കറാസ്‌കല്‍ പറഞ്ഞു. മുരിയ്യോയുടെ മനഃസ്ഥൈര്യമാണ് അവരുടെ മകന് അതിജീവിക്കാനുള്ള ശക്തി നല്‍കിയത്. മുരിയ്യോയെയും അവരുടെ മകനെയും ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും കറാസ്‌കല്‍ പറഞ്ഞു.
വിമാനത്തിന്റെ പൈലറ്റ് കാപ്റ്റന്‍ കാര്‍ലോസ് സെബയ്യോസിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ എയര്‍ക്രാഫ്റ്റിനുള്ളില്‍ വെച്ച് കണ്ടെത്തിയിരുന്നു.
വിമാനത്തിന്റെ വാതില്‍ അല്‍പ്പം തുറന്നതായി കണ്ടെത്തിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പുറത്ത്കടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ വ്യാപിപ്പിച്ചത്. 14 പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘമാണ് കൊടുകാട്ടില്‍ തിരച്ചില്‍ നടത്തി മാതാവിനെയും മകനെയും കണ്ടെത്തിയത്. പടിഞ്ഞാറന്‍ കൊളംബിയയിലെ നുഖ്വിക്കും ക്വിബ്‌ദോക്കും ഇടയില്‍ സഞ്ചരിക്കവെയാണ് വിമാനം അപകടത്തില്‍ പെട്ടത്. അപകടകാരണം ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.