Connect with us

Ongoing News

പോര്‍ച്ചുഗല്‍, സ്വീഡന്‍ സെമിയില്‍

Published

|

Last Updated

ഒലോമൊക്: യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് പോര്‍ച്ചുഗലും സ്വീഡനും സെമിഫൈനലിന് യോഗ്യത നേടി. 27ന് നടക്കുന്ന സെമിയില്‍ സ്വീഡന്‍ ഡെന്‍മാര്‍ക്കിനെയും പോര്‍ച്ചുഗല്‍ ജര്‍മനിയെയും നേരിടും. 30ന് ഫൈനല്‍.
പോര്‍ച്ചുഗലും സ്വീഡനും 1-1ന് പിരിഞ്ഞപ്പോള്‍ ഇറ്റലി 3-1ന് ഇംഗ്ലണ്ടിനെ തകര്‍ത്തു. സമനിലയിലൂടെ നേടിയ ഒരു പോയിന്റാണ് സ്വീഡനെ രക്ഷിച്ചത്. ഗ്രൂപ്പില്‍ അഞ്ച് പോയിന്റ് നേടിയാണ് പോര്‍ച്ചുഗല്‍ മുന്നേറിയത്. സ്വീഡനും ഇറ്റലിക്കും നാല് പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ സ്വീഡന് മുകളിലുള്ള ഇറ്റലിക്ക് പക്ഷേ നേര്‍ക്കുനേര്‍ പോരില്‍ തോറ്റത് തിരിച്ചടിയായി. ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡന്‍ 2-1ന് ഇറ്റലിയെ തോല്‍പ്പിച്ചിരുന്നു. സെമിപ്രതീക്ഷയില്‍ നിന്ന ഇംഗ്ലണ്ട് മൂന്ന് പോയിന്റോടെ ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരായി.
പോര്‍ച്ചുഗലിനോട് തോല്‍ക്കാതിരുന്നാല്‍ സെമി ഉറപ്പിക്കാമെന്നിരിക്കെ സ്വീഡന്‍ കരുതലോടെയാണ് നീങ്ങിയത്. ആദ്യപകുതിയില്‍ പോര്‍ച്ചുഗലിനെ ഗോളടിക്കാതെ തളച്ച സ്വീഡന്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോഴാണ് എഫ് സി പോര്‍ട്ടോ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ പാസിന്‍സിയ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്യുന്നത്.
എണ്‍പത്തിരണ്ടാം മിനുട്ടിലായിരുന്നു ഗോള്‍. ഫൈനല്‍ വിസിലിന് എട്ട് മിനുട്ടിരിക്കെ വന്ന ഗോള്‍ സ്വീഡനെ തളര്‍ത്തുകയല്ല, ഉണര്‍ത്തുകയാണ് ചെയ്തത്. ഏഴ് മിനുട്ടിനുള്ളില്‍ മിഡ്ഫീല്‍ഡര്‍ സിമോണ്‍ ടിബ്ലിംഗിലൂടെ ആവേശകരമായ സമനില ഗോളില്‍ സ്വീഡന്‍ വിസ്മയിപ്പിച്ചു.
ഇംഗ്ലണ്ടിനെ വീഴ്ത്തിയത് എഫ് സി ടുറിന്‍ മിഡ്ഫീല്‍ഡര്‍ മാര്‍കോ ബെനാസിയുടെ ഇരട്ടഗോളുകളാണ്. ഇറ്റലിയുടെ മറ്റൊരു ഗോള്‍ പാലെര്‍മോ സ്‌ട്രൈക്കര്‍ ആന്ദ്രെ ബെലോട്ടിയുടെ വകയായിരുന്നു. 3-0ന് ഏകപക്ഷീയ ജയത്തിലേക്ക് നീങ്ങുമ്പോഴാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ മിഡ്ഫീല്‍ഡര്‍ നഥാന്‍ റെഡ്‌മൊന്‍ഡ് നേടിയത്.
ആദ്യപകുതിയില്‍ 2-0ന് ഇറ്റലി മുന്നിലായിരുന്നു. ഇരുപത്തഞ്ചാം മിനുട്ടില്‍ ബെലോട്ടിയും ഇരുപത്തേഴാം മിനുട്ടില്‍ ബെനാസിയും ഇറ്റലിക്ക് രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ സമ്മാനിച്ചു.
അവസരങ്ങള്‍ തുലച്ചതാണ് ഇംഗ്ലണ്ടിന് വിനയായത്. ടോട്ടനം ഹോസ്പറിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കേന്‍ നിറം മങ്ങിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.