കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാകാന്‍ 26 മാസം

Posted on: June 26, 2015 5:40 am | Last updated: June 26, 2015 at 11:51 pm

karippor airportമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അനന്തമായി നീളുമെന്ന് ഉറപ്പായി. 2017 ജൂണില്‍ മാത്രമായിരിക്കും റണ്‍വേ നവീകരണം പൂര്‍ത്തിയാവുക എന്നാണ് വിമാനത്താവള അതോറിറ്റിയുടെ വര്‍ക്ക്ഷീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 26 മാസത്തോളം റണ്‍വേ അടച്ചിടേണ്ടി വരും. കൂടാതെ പ്രവൃത്തികള്‍ക്ക് 18 മാസക്കാലത്തെ സമയ പരിധി നിശ്ചയിച്ചാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുമുള്ളത്. എന്നാല്‍ ഇതുവരെയായി ടെന്‍ഡര്‍ ഉറപ്പിച്ചിട്ട് പോലുമില്ല. ആറ് മാസത്തേക്ക് വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തെ വിമാനത്താവള അതോറിറ്റി പറഞ്ഞിരുന്നത്. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനങ്ങളെല്ലാം നെടുമ്പാശ്ശേരിയിലേക്ക് കൂടു മാറിയതോടെ കരിപ്പൂരില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് വന്ന് പോകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 54ഓളം വിള്ളലുകള്‍ റണ്‍വേയില്‍ കണ്ടെത്തിയതായി കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റണ്‍വേക്ക് ഉറപ്പ് കൂട്ടുന്ന പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ക്ക്ഷീറ്റില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയമെടുക്കുമെന്ന കാര്യം ഉറപ്പാണ്. കരിപ്പൂരില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള ഇടിവാണുണ്ടായിട്ടുള്ളത്. യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനുമെത്തുന്നവരുടെ എണ്ണവും കുറഞ്ഞതോടെ വിമാനത്താവളം ആളും ബഹളവുമില്ലാതായിട്ടുണ്ട്. പ്രതിദിനം 7500 പേരാണ് കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തി പകരുന്നതാണ് വിമാനത്താവളം ദീര്‍ഘ കാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം.