അറബ് സര്‍വകലാശാലകള്‍ക്കിടയില്‍ യു എ ഇക്ക് നേട്ടം

Posted on: June 24, 2015 4:33 pm | Last updated: June 24, 2015 at 4:33 pm

universityഅബുദാബി: അറബ് മേഖലയില്‍ മുന്‍പന്തിയിലുള്ള 100 സര്‍വകലാശാലകളൂടെ റാങ്കിംഗ് നടത്തിയപ്പോള്‍ യു എ ഇക്ക് നേട്ടം. രാജ്യത്ത് നിന്നു 13 സ്ഥാപനങ്ങളാണ് ഇടംനേടിയത്. ഏറ്റവും മികച്ച 50 സര്‍വകലാശാലകളുടെ ചുരുക്കപ്പട്ടികയില്‍ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടംനേടി. രാജ്യം വിദ്യാഭ്യാസത്തിന് നല്‍കുന്ന മുന്തിയ പരിഗണനയാണ് അഭിമാനകരമായ നേട്ടത്തിന് ഇടയാക്കിയിരിക്കുന്നത്. 15 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 100 സര്‍വകലാശാലകളെ ഉള്‍പെടുത്തിയാണ് ദ ന്യൂ 2015 ക്യൂഎസ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് നടത്തിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ 2,500 ജീവനക്കാരുടെയും 3,700 അധ്യാപകരുടെയും സംഭാവനകളെ വിലയിരുത്തിയാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ആദ്യ 50ല്‍ 10ന് താഴെ രണ്ട് സര്‍വകലാശാലകള്‍ ഇടംപിടിച്ചപ്പോള്‍ ഏഴെണ്ണം 50ന് ഉള്ളിലും നാലെണ്ണം 51നും 100നും ഇടയിലും ഇടംനേടി. 3,720 അധ്യാപകരുടെയും 2,489 ജീവനക്കാരുടെയും അഭിപ്രായങ്ങളും റാങ്കിംഗിന്റെ ഭാഗമായി ശേഖരിച്ചിരുന്നു.
ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം, അധ്യാപകര്‍ക്കിടയിലെ പി എച്ച് ഡി നേടിയവരുടെ തോത്, ഫാക്കല്‍റ്റി അംഗങ്ങളുടെ അനുപാതത്തില്‍ ഗവേഷണ പേപ്പറുകളുടെ എണ്ണം എന്നിവയും റാങ്കിംഗില്‍ ഉള്‍പെടുത്തിയിരുന്നു. 260 സര്‍വകലാശാലകളെ ഉള്‍പെടുത്തിയാണ് റാംങ്കിംഗ് നടത്തിയത്. സ്ഥാപനത്തിന്റെ കീര്‍ത്തി, ജീവനക്കാരെയും അധ്യാപകരെയും കുറിച്ചുള്ള അഭിപ്രായം, ഫാക്കല്‍റ്റി-വിദ്യാര്‍ഥി അനുപാതം, രാജ്യാന്തര ഫാക്കല്‍റ്റികളുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യം തുടങ്ങിയും റാങ്കിംഗിന് മാനദണ്ഡമാക്കിയിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി ആറാം സ്ഥാനത്തും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ ഏഴാം സ്ഥാനത്തും ഇടം നേടി. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ദുബൈ(19), യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ(21), സായിദ് യൂണിവേഴ്‌സിറ്റി(22), ഖലീഫ യൂണിവേഴ്‌സിറ്റി(24), അബുദാബി യൂണിവേഴ്‌സിറ്റി(27), ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി(36), യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ(46) തുടങ്ങിയവയാണ് പട്ടികയില്‍ ഇടംപിടിച്ചത്.