കാലവര്‍ഷം: കെടുതികള്‍ക്ക് ശമനമായില്ല

Posted on: June 24, 2015 2:01 pm | Last updated: June 24, 2015 at 2:01 pm

നരിക്കുനി: ജില്ലയില്‍ തുടരുന്ന ക നത്ത മഴയില്‍ മലയോര മേഖലയില്‍ വീടുകളും കൃഷിയും വ്യാപകമായി നശിക്കുന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ നശിക്കുന്നത്. വീടുകള്‍ നശിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ അധികൃകര്‍ മുന്നേട്ട് വരാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട.് രണ്ട് ദിവസമായി തുടരുന്ന മഴയില്‍ 150ല്‍ പരം വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്. മുണ്ടപ്പുറത്ത് ഗംഗാധരന്റെ വീടിന്റെ മുകളില്‍ തെങ്ങ് പൊട്ടിവീണ് നാശമുണ്ടായി. കല്‍ക്കുടുമ്പ് ഭാഗങ്ങളില്‍ ഇരുന്നൂറോളം കുലച്ച വാഴകള്‍ കാറ്റില്‍ നശിച്ചു. ചേളന്നൂര്‍ ഏഴേ ആറില്‍ ശ്രീജിത്തിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ നിലംപൊത്തി. കല്ലുംപുറത്ത്താഴത്ത് രണ്ട് വീടുകള്‍ തകര്‍ന്നു. കാക്കൂര്‍ ഈന്താട്, പാവണ്ടൂര്‍ ഭാഗങ്ങളില്‍ വാഴത്തോട്ടം നശിച്ചു. മൂന്ന് വീടുകള്‍ക്ക് നാശമുണ്ടായി.
മുക്കം: ചുഴലിക്കാറ്റില്‍ കാരശ്ശേരി കറുത്തപറമ്പ് വേനപ്പാറക്കല്‍ ബാലന്‍, മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് പെരച്ചന്‍, പന്നിക്കോട് പരപ്പില്‍ അബ്ദു എന്നിവരുടെ വീടുകള്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു.
കൊടിയത്തൂര്‍ താഴെമുറിയില്‍ പുഴ തീരമിടിഞ്ഞത് നിസ്‌കാര പള്ളിക്ക് ഭീഷണിയായി. താഴെമുറി മസ്ജിദുല്‍ സിദ്ദീഖിന്റെ മുറ്റമടക്കമാണ് ഇടിഞ്ഞത്. ഈ ഭാഗത്ത് റോഡരിക് പുഴയിലേക്ക് ഇടിഞ്ഞത് ഗതാഗതത്തിന് ഭീഷണിയാണ്. ചാത്തമംഗലം കെട്ടാങ്ങല്‍ ചേനോത്ത് മനോജ് മൂത്തേടത്തിന്റെ കിണര്‍ ഇടിഞ്ഞത് വീടിന് ഭീഷണിയായി.
കുന്ദമംഗലം: ചെലവൂര്‍, മൂഴിക്കല്‍, ആറേ മൂന്ന് ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. മൂന്ന് വീടുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും തകര്‍ന്നു. ചെലവൂര്‍ പൂതംകുഴിയില്‍ ലക്കി ബശീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇന്നോവാ കാറിന് മുകളില്‍ മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. മൂഴിക്കല്‍ കൊടമ്പാട്ടില്‍ ജലാല്‍, ചെലവൂര്‍ കൊടക്കാട്ട് അലി, കൊടക്കാട്ട് പ്രദീപന്‍, സഹോദരന്‍ പ്രജീഷ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
കാറ്റില്‍ തെങ്ങ് പൊട്ടി വീണ് ഈസ്റ്റ് മലയമ്മ പൂല്ലോട്ട് ബീരാന്‍ മുസ്‌ലിയാരുടെ വീടും വെള്ളനൂര് കരികിനാരി അച്യുതന്റെ വീടും ഭാഗികമായി തകര്‍ന്നു.