Connect with us

Articles

മാവോയിസത്തെ എതിര്‍ക്കാന്‍ എന്തെളുപ്പം

Published

|

Last Updated

ശരിക്കും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്താണ്? അടിക്കടിയുള്ള വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതയോട്, എല്ലാ രംഗത്തും ബഹുരാഷ്ട്രകുത്തകകളും വര്‍ഗീയ ഫാസിസവും പിടിമുറുക്കുന്നത് നിസ്സഹായതയോടെ നോക്കിയിരിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തോട് നമ്മുടെ ഭരണാധികാരികള്‍ മാത്രമല്ല മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം പറയുന്നത് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നവും ഭീഷണിയും മാവോയിസവും ഭീകരവാദവുമാണെന്നാണ്. .ഭീകരവാദ പ്രവര്‍ത്തനം ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാഗോളപ്രതിഭാസം തന്നെയായതിനാല്‍ ഇന്ത്യയും അതില്‍ നിന്ന് മോചിതമല്ല എന്നത് ശരിയായിരിക്കും. എന്നാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മുതല്‍ ദക്ഷിണ സംസ്ഥാനമായ ആന്ധ്രപ്രദേശ് വരെ നീണ്ടുകിടക്കുന്ന മേഖലയെ മാരകമായ റെഡ്‌ബെല്‍ട്ടായി കണക്കാക്കി അതാണ് ഏറ്റവും വലിയ ഭീഷണി എന്നാണ് കഴിഞ്ഞ കോണ്‍ഗ്രസ് ഭരണവും ഇപ്പോഴത്തെ നരേന്ദ്ര മോദിയുടെ സര്‍ക്കാറും പ്രചരിപ്പിക്കുന്നത്.
ഈ അടുത്ത കാലത്തായി കേരളത്തിലെ ചില അതിര്‍ത്തി വനമേഖലകളിലും വലിയ തോതില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും സര്‍ക്കാറും മാധ്യമങ്ങളും കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നുമുണ്ട്. അതിനു തെളിവെന്നോണം രൂപേഷ് ഷൈനാ ദമ്പതികളെ കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു കൊണ്ടുവരികയും ചെയ്തു. 40 വര്‍ഷമായി നക്‌സല്‍ ആശയത്തില്‍ ആകൃഷ്ടരായി പ്രവര്‍ത്തിക്കുന്ന മുരളികണ്ണമ്പള്ളി എന്നയാളെ പൂനയില്‍ വെച്ചും അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. ഈ പേരുകാരിലാരും കേരളത്തില്‍ ഒരു മാവോയിസ്റ്റ് ഭീകരാക്രമണം നടത്തിയതായി കേസുകള്‍ പോലുമില്ല..
ഇന്ത്യയിലെ മവോയിസത്തിലെ ശരിതെറ്റുകള്‍ കാര്യമായ പരിശോധനക്ക് വിധേയമാക്കത്തക്ക പ്രാധാന്യം ഉള്ള ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിലെ ജനങ്ങളെ അലട്ടുന്ന അടിസ്ഥാന പ്രശ്‌നം പട്ടിണിയും വിലക്കയറ്റവും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊടിയ വിവേചനവും ഒക്കെയായ സ്ഥിതിക്ക് മാവോയിസവും അതിന്റെ പൂര്‍വരൂപമായ നക്‌സലിസവും ചര്‍ച്ചക്കെടുക്കല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഏറ്റവും കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഇവര്‍ പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുന്നത്.
ഝാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെ ശക്തവും യു പി മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അവഗണിക്കാനാകാത്ത ശക്തിയുമായി മാവോയിസം വളരുന്നു എന്നാണ് സര്‍ക്കാറുകള്‍ പുറത്തുവിടുന്ന വിവരം. ചുവപ്പന്‍ രാഷ്ട്രീയത്തിന്റെ ശക്തി ദുര്‍ഗമായിരുന്ന പശ്ചിമ ബംഗാളില്‍ മുഖ്യധാരാ കമ്യൂണിസ്റ്റുകള്‍ക്ക് കാര്യമായ ക്ഷീണം സംഭവിച്ചുവെങ്കിലും പഴയ നക്‌സലിസത്തിന്റെ തുടര്‍ച്ചയെന്നോണം മാവോയിസം വളര്‍ച്ച പ്രാപിക്കുന്നു എന്നാണ് വാര്‍ത്തകള്‍.
ശത്രുരാജ്യത്തിലേക്കെന്നപോലെ ഇന്ത്യന്‍ സൈന്യത്തെ മാവോയിസ്റ്റുകള്‍ക്ക് എതിരെ നിയോഗിച്ചുകൊണ്ടാണ് ഈ വിപത്തിനെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഭരണകൂടം ചിന്തിക്കുന്നത്. പ്രധാനരാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ സൈനിക നടപടിക്ക് അനുകൂലവുമാണ്. കോണ്‍ഗ്രസും ബി ജെ പിയും ഏതു കാലത്തും സൈനിക നടപടിയെ പിന്തുണക്കുന്നതില്‍ പുതുമയൊന്നുമില്ല. ഇന്ത്യയിലെ ഇടതുപക്ഷം ഈ കാര്യത്തില്‍ വ്യക്തമായ ഒരു രാഷ്ട്രീയ അഭിപ്രായം സ്വീകരിച്ച മട്ടില്ല. സി പി എമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രത്യക്ഷമായി സൈനിക നടപടിയെ അനുകൂലിക്കുന്നില്ല എന്ന ധ്വനിയിലാണ് സംസാരിച്ചത്. അതേ സമയം പശ്ചിമ ബംഗാളില്‍ ഭരണം കൈയാളിയ സമയത്ത് അന്നത്തെ സി പി എം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ കേന്ദ്ര സര്‍ക്കാറിന്റെ മാവോയിസ്റ്റ് വേട്ടക്ക് സര്‍വ പിന്തുണയും നല്‍കുകയായിരുന്നു. സി പി ഐ, ആര്‍ എസ് പി, ഫോര്‍വേഡ്‌ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികള്‍ മാവോയിസ്റ്റുകളോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കാറില്ല. കേരളത്തിലാണെങ്കില്‍ രൂപേഷ് ഷൈനാ ദമ്പതികളെയും മുരളികണ്ണമ്പിള്ളിയെയും ഒക്കെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ച ഏക പാര്‍ട്ടി സി പി ഐ ആയിരുന്നു.
ഇതൊക്കെയാണെങ്കിലും ഭരണകൂടവും മാവോയിസ്റ്റുകളും പരസ്പരം ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം മുഖ്യധാരാ ഇടതുപക്ഷങ്ങള്‍ ഭരണകൂടങ്ങളെ പിന്തുണക്കുന്ന സമീപനത്തില്‍ തന്നെയാണ് എത്തിപ്പെടാറുള്ളത്. ഫലത്തില്‍ ഇടതുതീവ്ര പ്രസ്ഥാനം എന്നു വിശേഷണമുള്ള ഇവര്‍ക്ക് ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം. പക്ഷേ ഇവരുടെ ശക്തി മേഖലകളില്‍ ഏറ്റവും താഴേത്തട്ടില്‍ അധിവസിക്കുന്നവരുടെ പിന്തുണ എങ്ങിനെയാണിവര്‍ സമ്പാദിക്കുന്നത് എന്നത് പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അക്രമോത്സുകത ഉണ്ടെന്ന തോന്നിപ്പിക്കല്‍ ഉണ്ടായിട്ടും പാര്‍ശ്വവത്കരിക്കപ്പെട്ട വലിയൊരു വിഭാഗം മാവോയിസ്റ്റുകള്‍ക്കൊപ്പം അണിചേരുന്നത് കാണാതിരുന്നുകൂടാ. മന്‍മോഹന്‍ സിംഗും ഇപ്പോള്‍ നരേന്ദ്ര മോദിയും മറ്റ് സകലമാന നേതാക്കളും ഏക സ്വരത്തില്‍ മാവോയിസ്റ്റ് ഭീകരതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സമൂഹത്തില്‍ ആദരിക്കപ്പെടേണ്ട മറ്റൊരു വിഭാഗം മറിച്ചുചിന്തിക്കുന്നു. അരുന്ധതി റോയി, മഹേശ്വതാ ദേവി തുടങ്ങിയ എഴുത്തുകാര്‍ വരെ പലപ്പോഴും ഇവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും വിപത്തും മാവോയിസ്റ്റ് പ്രസ്ഥാനമാണെങ്കില്‍ അവരെ അനുകൂലിച്ച് നിലപാടുകളെടുക്കുന്ന അരുന്ധതി മുതല്‍ക്കിങ്ങോട്ടുള്ള ഏതൊരു ആക്ടിവിസ്റ്റിനെയും രാജ്യദ്രോഹികളുടെ ഗണത്തിലാണോ നമ്മള്‍ ഉള്‍പ്പെടുത്തുക?
പ്രശ്‌നത്തിന്റെ കാതലായ വശം, ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലല്ല കാര്യങ്ങള്‍ എന്നു കരുതുന്നതിന് ന്യായങ്ങള്‍ ഏറെയാണ്. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ ആദിവാസി ദളിത് വിഭാഗങ്ങള്‍ ഉപരിവര്‍ഗ യജമാനന്മാരില്‍ നിന്നും മര്‍ദനം ഏറ്റു വാങ്ങിയും എല്ലാ തരം നിന്ദകളും പേറിയും അപമാനിതരായി കഴിയുമ്പോള്‍ അവരെ കാര്യമായി സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കാനുള്ള സന്മനസ്സെങ്കിലും ഭരിക്കുന്നവരില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്നും ഉണ്ടായാല്‍ മാവോയിസം പതിയേ ക്ഷയിക്കുക തന്നെചെയ്യും. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാകുന്നതിനാല്‍ ചെറുത്ത് നില്‍പ്പിന്റെ ന്യായീകരണത്തില്‍ മാവോയിസ്റ്റുകള്‍ ശക്തി പ്രാപിക്കുകയേയുള്ളൂ.
അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് മുമ്പ് ആന്ധ്ര പ്രദേശില്‍ സംഭവിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ശക്തിയാര്‍ജിച്ച് കൊണ്ടിരുന്ന ഘട്ടത്തില്‍ ആന്ധ്ര പ്രദേശില്‍ നിന്നും ഒരു വാര്‍ത്ത വന്നിരുന്നു. “ഭയം പിടികൂടിത്തുടങ്ങിയിരുന്ന ഫ്യൂഡല്‍ പ്രുഭുക്കന്മാരില്‍ പലരും തങ്ങളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ നിന്നും നല്ലൊരുപങ്ക് ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ സന്നദ്ധമാകുകയാണെന്നും പക്ഷേ സര്‍ക്കാര്‍ ഇടപെട്ട് അത് വിലക്കുകയായിരുന്നു എന്നുമായിരുന്നു വാര്‍ത്ത. ആ വിലക്കലിന്റെ തിക്തഫലം അനുഭവിച്ചത് ആന്ധ്രയിലെ സമാധാന കാംക്ഷികളായ ജനങ്ങളായിരുന്നു. കേരളത്തില്‍ സംഭവിച്ചതു പോലെ പേരിനെങ്കിലും ഉള്ള ഒരു ഭൂപരിഷ്‌കരണ നിയമം നക്‌സല്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ അവിടുത്തെ ഭരണക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ മാവോയിസം ഇവിടങ്ങളില്‍ ഇ ത്ര മാത്രം ശക്തിപ്പെടുമായിരുന്നില്ല.
ഇതില്‍ നിന്നും മറ്റൊരു പാഠം കൂടി ബന്ധപ്പെട്ടവര്‍ പഠിക്കേണ്ടതുണ്ട്. ഭരണകൂടം എത്ര നിഷ്ഠൂരമായി അടിച്ചമര്‍ത്തിയാലും പുതിയ രൂപത്തിലും ഭാവത്തിലും ഇത്തരം പ്രസ്ഥാനങ്ങള്‍ പുനര്‍ജനിക്കും എന്നുള്ളതാണത്. അതിനുദാഹരണമാണ് ഒരിക്കല്‍ ഭരണാധികാരികള്‍ പോലീസിനേയും പട്ടാളത്തെയും ഒക്കെ ഉപയോഗിച്ച് പശ്ചിമ ബംഗാളില്‍ നിന്നു തുടച്ചുനീക്കിയ പഴയ നക്‌സലേറ്റ് പ്രസ്ഥാനം പുതിയ മാവോയിസത്തിന്റെ രൂപത്തില്‍ അവിടെ വീണ്ടും ശക്തിപ്പെട്ടത്. നക്‌സലിസത്തിന്റെ ആരംഭ ഘട്ടത്തില്‍ ബംഗാള്‍ ബീഹാര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരുപതിനായിരത്തോളം പേരെ സംഘടിപ്പിച്ച് കണിശമായ ആസൂത്രണത്തോടെ നിരവധി ആക്ഷനുകള്‍ നടപ്പാക്കിയ അസിം ചാറ്റര്‍ജിയെന്ന നേതാവ് പിന്നീട് ഒരഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. “അന്നു നടപ്പാക്കിയ ഉന്മൂലനങ്ങളെക്കുറിച്ച് പിന്നീടെന്തു തോന്നി”എന്നായിരുന്നു ചോദ്യം. “ബുദ്ധിശൂന്യതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും പാരമ്യമായിരുന്നു അതെല്ലാം” എന്നായിരുന്നു അസിം ചാറ്റര്‍ജിയുടെ മറുപടി.
ഇങ്ങനെ നേതാക്കളാല്‍ കൈവിട്ട അവസ്ഥ നമ്മുടെ കേരളത്തിലും ഉണ്ടായല്ലോ? വെള്ളത്തൂവല്‍ സ്റ്റീഫന്‍ മുതല്‍ കെ വേണു വരെ നീണ്ട നിര തന്നെയുണ്ടല്ലോ ഇവിടെ. എന്നിട്ടും രൂപേഷ്, ശൈന, മുരളി കണ്ണമ്പള്ളി തുടങ്ങിയവരുടെ കീഴില്‍ പുതിയ രൂപത്തില്‍ പ്രസ്ഥാനം ഇവിടെയും നിലനില്‍ക്കുന്നു. രണ്ട് ദശകത്തിനകം ഡല്‍ഹി ഭരണം പിടിക്കാന്‍ ശക്തിയുണ്ടെന്ന് അവകാശവാദം ഉന്നയിക്കാന്‍ മാത്രം കിഷന്‍ജിയുടെ നേതൃത്വത്തില്‍ വളരുകയുണ്ടായി. കിഷന്‍ജിയും പിന്നീട് ഏറ്റുമുട്ടല്‍ നാടകത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇങ്ങനെ മാറിയും മറിഞ്ഞും തിരിച്ചടികള്‍ നേരിട്ടിട്ടും എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ഇപ്പോഴും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തത്തക്ക വളര്‍ച്ചയിലേക്ക് വീണ്ടും പുനര്‍ജനിക്കുന്നത്?
ഉത്തരം വളരെ ലളിതമാണെന്നു പറയാം. അത് ഭൂമിയും വിഭവങ്ങളും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ തുല്ല്യമായി വിതരണം ചെയ്യുന്ന നിയമനിര്‍മാണങ്ങള്‍ നടത്താത്തതിന്റെ പ്രശ്‌നമാണ്. അതിന് ഭരണാധികാരികള്‍ മുന്‍കൈയെടുത്താല്‍ മാത്രം മതി. പകുതി പ്രശ്‌നം ഇതോടെ അവസാനിച്ചോളും. അതിന് കാലാകാലങ്ങളില്‍ ഇന്ത്യ ഭരിക്കുന്നവരും അതാതു സംസ്ഥാനങ്ങളിള്‍ ഭരണം കൈയാളുന്നവരും തയ്യാറാകുമോ എന്നതുതന്നെയാണ് കാതലായ പ്രശ്‌നം. സാമ്പത്തികമായ അസമത്വങ്ങള്‍ തന്നെയാണ് ഏതു ജനവിഭാഗത്തേയും പോരാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നതിരിച്ചറിവ് മാത്രം മതിയാകും മാവോയിസത്തെ എതിരിടാന്‍.

---- facebook comment plugin here -----

Latest