യോഗയെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് സ്വാധി പ്രാചി

Posted on: June 23, 2015 8:15 pm | Last updated: June 23, 2015 at 11:35 pm

Sadhvi Prachiന്യൂഡല്‍ഹി; യോഗയെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അവര്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ യാതൊരു അധികാരവുമില്ലെന്നും വിഎച്ച്പി നേതാവ് സ്വാധ്വി പ്രാചി. ഇന്ത്യയുടെ ആചാരങ്ങളും സംസ്‌കാരവും കണ്ടറിഞ്ഞ് പാലിക്കുന്നവരാകണം ഇന്ത്യയിലുള്ളത് അല്ലാത്തവര്‍ പാകിസ്ഥാനില്‍ പോയാണ് താമസിക്കേണ്ടതെന്നും സ്വാധി പറഞ്ഞു. യോഗയെ എതിര്‍ത്ത് രംഗത്തെത്തിയ ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണര്‍ ലോ ബോര്‍ഡിന്റെ നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സ്വാധ്വി പ്രാചിയുടെ ഈ മറുപടി.
രാജ്പഥില്‍ നടന്ന യോഗാദിനാചരണത്തില്‍ പങ്കെടുക്കാതിരുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരേയും സാധ്വി വിമര്‍ശനമുന്നയിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളുടെ വിവാഹമൊന്നുമല്ല ഉപരാഷ്ട്രപതി ക്ഷണിച്ചിട്ട് പങ്കെടുക്കാനെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ഭക്ഷണം കഴിച്ച് അവര്‍ പാകിസ്ഥാന്റെ പാട്ട് പാടുകയാണെന്നും യോഗ ഒരു മതവുമായും ബന്ധപ്പെട്ടതല്ല. ഇന്ത്യയുടെ ആചാരങ്ങളേയും സംസ്‌കാരങ്ങളേയും തള്ളിപ്പറയുന്നതല്ല ജനാതിപത്യമെന്നും സ്വാധി പ്രാചി പറഞ്ഞു.
എന്നാല്‍ സ്വാധി പ്രാചിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ജനാതിപത്യത്തില്‍ യോഗ ചെയ്യണമോ വേണ്ടയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കോണ്‍ഗ്രസ് വക്താവ് സജ്ഞയ് ഷാ പറഞ്ഞു. ജനങ്ങളില്‍ യോഗ അടിച്ചേല്‍പ്പിക്കുന്ന ബിജെപിയുടെ നടപടിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.