Connect with us

Gulf

ശൈഖ് മുഹമ്മദും ജനറല്‍ ശൈഖ് മുഹമ്മദും അല്‍ ബത്തീന്‍ മജ്‌ലിസ് സന്ദര്‍ശിച്ചു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രാധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും യു എ ഇ സാമ്പത്തിക മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റു പ്രമുഖരും അബുദാബി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തുന്നു

അബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രാധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും അല്‍ ബത്തീന്‍ മജ്‌ലിസില്‍ സന്ദര്‍ശനം നടത്തി.
ഇരു നേതാക്കളും അല്‍ ബത്തീനിലെ ജനങ്ങളുമായി അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. റമസാന്‍ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് ഇരുവരും ആശംസകള്‍ നേര്‍ന്നു. ശൈഖ് ഖലീഫക്ക് ആരോഗ്യവും സന്തോഷവും സര്‍വശക്തന്‍ നല്‍കട്ടെയെന്നും യു എ ഇയുടെയും അറബ് രാജ്യത്തിനും ഇസ്‌ലാമിക ലോകത്തിനും പുരോഗതിയും സമ്പല്‍സമൃദ്ധിയും ഉണ്ടാവട്ടെയെന്നും ശൈഖ് മുഹമ്മദും ജനറല്‍ ശൈഖ് മുഹമ്മദും ആശംസിച്ചു. ഇരുവരും ജനങ്ങളുമായി റംസാന്‍ വിശേഷങ്ങളും പങ്കിട്ടു. ബത്തീനിലെ ജനങ്ങള്‍ക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്ത നേതാക്കള്‍ ശൈഖ് സായിദിന്റെ ഖബറിടം സന്ദര്‍ശിക്കുകയും ചെയ്തു.
ബത്തീനിലെ സ്വദേശി സമൂഹവുമായി നടത്തിയ കൂടിക്കാഴ്ച രാജ്യത്തിന്റെ നേതൃത്വവും പൗരന്മാരും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പൂര്‍വപിതാക്കളുടെയും രാഷ്ട്രശില്‍പികളുടെയും ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു ജനങ്ങളുടെ ക്ഷേമാന്വേഷണങ്ങള്‍. രാജ്യത്തെ സാമൂഹികമായ ആചാരം കൂടിയാണ് ഇത്തരം കൂടിക്കാഴ്ചകളില്‍ പ്രകടമാവുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, പടിഞ്ഞാറന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍പ്രിന്‍സസ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ജാബിര്‍ മുഹമ്മദ് ഗാനിം അല്‍ സുവൈദി ശൈഖ് മുഹമ്മദിനും ജനറല്‍ ശൈഖ് മുഹമ്മദിനും അല്‍ ബത്തീന്‍ മജ്‌ലിസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പരിപോഷിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ സഹകരണവും സൗഹൃദവും വളര്‍ത്താനുമാണ് മജ്‌ലിസ് പ്രവര്‍ത്തിക്കുന്നതെന്നും അല്‍ സുവൈദി വിശദീകരിച്ചു.