ജയലളിതയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Posted on: June 23, 2015 2:29 pm | Last updated: June 23, 2015 at 11:35 pm

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കാണിക്കേണ്ട ഗൗരവം ഹൈക്കോടതി ഈ കേസില്‍ കാട്ടിയില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതി പിഴവ് പറ്റി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് കേസില്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അവധിക്കാലത്തിന് ശേഷം കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.

അതേസമയം ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യാന്‍ സാധ്യതയില്ലെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളില്‍ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കലിന് ശേഷം മാത്രമെ സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കാറുള്ളു. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ വിധിക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജയലളിതക്ക് തല്‍ക്കാലം ഭീഷണിയുണ്ടാകില്ല.