ഇന്ത്യയുടെ ‘സൂപ്പര്‍ ആരാധകന്‍’ ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ടു

Posted on: June 23, 2015 6:06 am | Last updated: June 23, 2015 at 1:07 pm

Sudhir Kumar

ധാക്ക: ദേഹമാസകലം ഇന്ത്യന്‍ പതാകയുടെ വര്‍ണത്തിലുള്ള ഛായം പൂശിയും ത്രിവര്‍ണപതാക വീശിയും ടീം ഇന്ത്യയെ ലോകത്തെവിടെയും പ്രോത്സാഹിപ്പിക്കാനെത്തുന്ന സുധീര്‍ ഗൗതമിന് ബംഗ്ലാദേശില്‍ മര്‍ദനം. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമായിരുന്നു സുധീര്‍ ആക്രമിക്കപ്പെട്ടത്. 2015 ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് സംബന്ധിച്ചുണ്ടായ വിവാദങ്ങളായിരുന്നു ആക്രമത്തിലേക്ക് നയിച്ചത്.
സുധീറിന്റെ കൈയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക പിടിച്ചിടെത്ത് നശിപ്പിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികള്‍ സുധീറിനെ ഇടിക്കുകയും കല്ലെറിയുകയും ചെയ്തു. ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോളും വിട്ടില്ല. രണ്ട് പോലീസുകാരാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് സുധീര്‍ ദേശീയ ഹിന്ദി ചാനലിനോട് പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനായ സുധീര്‍ ഗൗതം സച്ചിനെ പ്രോത്ഹാസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം എത്തിയത്. സുധീറിനെ കുറിച്ചറിഞ്ഞ സച്ചിന്‍ പിന്നീട് യാത്രാചെലവ് വഹിക്കാന്‍ തുടങ്ങി.സച്ചിന്‍ വിരമിച്ചതിന് ശേഷവും ടീം ഇന്ത്യയുടെ ഭാഗമെന്നോണം സുധീര്‍ എല്ലായിടങ്ങളിലുമെത്തുന്നു.