ലളിത് മോദി ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരും ദുരുപയോഗം ചെയ്തു

Posted on: June 21, 2015 6:12 pm | Last updated: June 23, 2015 at 2:25 pm
SHARE

lalith modiലണ്ടന്‍: യാത്രാരേഖകള്‍ ലഭിക്കുന്നതിനായി ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ പേരും ദുരുപയോഗപ്പെടുത്തി. ചാള്‍സ് രാജകുമാരന്‍, സഹോദരന്‍ ആന്‍ഡ്ര്യു എന്നിവരുള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ പേരുകള്‍ ലളിത് മോദി ദുരുപയോഗം ചെയ്തതായി ദ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആന്‍ഡ്ര്യൂ രാജകുമാരനുമായി വര്‍ഷങ്ങളുടെ ബന്ധമുള്ളയാളാണ് ലളിത് മോദി. യാത്രാരേഖകള്‍ ലഭിക്കുന്നതിന് തൊട്ടുമുമ്പ് ആന്‍ഡ്ര്യൂവുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെ പ്രതിനിധികള്‍ തയ്യാറായിട്ടില്ല.
ഐ പി എല്‍ കോഴയിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ലളിത് മോദിക്ക് പോര്‍ച്ചുഗലിലേക്ക് പോകാന്‍ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മോദിയുടെ ഭാര്യയുടെ ചികിത്സ ആവശ്യാര്‍ഥം മാനുഷിക പരിഗണന നല്‍കി തീരുമാനം കൈക്കൊള്ളാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് സുഷമയുടെ പ്രതികരണം. ഐ പി എല്‍, കോഴയിടപാടും വാതുവെപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതിനെ തുടര്‍ന്ന് 2010ലാണ് മോദി ലണ്ടനിലേക്ക് പോയത്.