സുബ്രത റോയിയെ ജയില്‍മുക്തനാക്കാന്‍ 10,000 കോടി രൂപ കെട്ടിവെക്കണം: സുപ്രീം കോടതി

Posted on: June 20, 2015 6:00 am | Last updated: June 20, 2015 at 12:53 am

subratha-royന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ, പതിനായിരം കോടി രൂപ അടച്ചാല്‍ മാത്രമെ തിഹാര്‍ ജയിലില്‍നിന്ന് വിട്ടയക്കാവുയെന്ന് സുപ്രിം കോടതി ഉത്തരവ്. തുകയില്‍ പകുതി പണമായും ശേഷിച്ച തുക ബേങ്ക് ഗ്യാരണ്ടിയുമായാണ് അടക്കേണ്ടത്. സുബ്രത റോയിക്ക് വെള്ളിയാഴ്ചയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
ഉപാധികള്‍ പാലിച്ചാല്‍ റോയിയെ ജാമ്യത്തില്‍ വിടേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അടുത്ത 18മാസക്കാലത്ത് ശേഷിച്ച തുകകൂടി അയാള്‍ അടക്കണം. ഇത് ഏതാണ്ട് 20,000 കോടിയിലേറെ വരും. ഇത് ഒമ്പത് തുല്യ ഗഡുക്കളായി രണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ഗഡുവെന്ന നിലയില്‍ അടക്കണം. മൂന്ന് ഗഡുക്കള്‍ അടക്കാന്‍ റോയിക്ക് കഴിയാതെ വന്നാല്‍ (തുടര്‍ച്ചയായിട്ടോ അല്ലാതെയൊ) അയാളെ കസ്റ്റഡിയില്‍ എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
‘40,000 കോടി രൂപ അടക്കുക, അതല്ലെങ്കില്‍ അയാളുടെ സ്വത്തുക്കള്‍ ഞങ്ങള്‍ ലേലം ചെയ്യും’- സുപ്രീം കോടതി സഹാറക്ക് മുന്നറിയിപ്പ് നല്‍കി. റോയിയെ ജയിലില്‍ നിന്ന് വിട്ടയക്കപ്പെടുന്നപക്ഷം, അയാളുടെ പാസ്‌പോര്ട്ട് കോടതിയില്‍ അടിയറവെക്കണം. കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ഇന്ത്യക്ക് പുറത്ത് പോകരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ ന്യൂഡല്‍ഹിയിലെ തിലക്മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തി സുബ്രത ഒപ്പ് വെക്കണം. സുബ്രതക്ക് തിഹാര്‍ ജയിലില്‍ ഇപ്പോഴുള്ള ആശയവിനിമയ സൗകര്യവും കൂടിയാലോചനാ സംവിധാനവും എട്ട് ആഴ്ചത്തേക്ക് കൂടി സുപ്രീം കോടതി നീട്ടിക്കൊടുത്തിട്ടുണ്ട്.