Connect with us

Kerala

ശ്രീവിദ്യ ട്രസ്റ്റ്: ലോകായുക്തക്ക് കേസ് പരിഗണിക്കാന്‍ കഴിയില്ല: ഗണേഷ്‌കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ വില്‍പത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള ചുമതല ഏറ്റെടുത്തതും ട്രസ്റ്റുമായി സഹകരിക്കുന്നതും സ്വകാര്യ വ്യക്തിയെന്ന നിലയിലാണെന്ന് നടനും മുന്‍ മന്ത്രിയുമായ കെ ബി ഗണേശ് കുമാര്‍ ലോകായുക്തയെ അറിയിച്ചു. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് കഴിയില്ലെന്നും ഗണേശ്കുമാറിന്റെ അഭിഭാഷകന്‍ ലോകായുക്തയെ അറിയിച്ചു. ചലച്ചിത്ര നടി ശ്രീവിദ്യയുടെ സ്വത്ത് ദുരുപയോഗം ചെയ്തുവെന്ന കേസ് പരിഗണിക്കവെയാണ് ഗണേശ് കുമാര്‍ മൊഴി നല്‍കിയത്. ശ്രീവിദ്യയുടെ വില്‍പ്പത്രത്തിലെ നിര്‍ദേശങ്ങള്‍ ഗണേഷ്‌കുമാര്‍ നടപ്പാക്കിയില്ലെന്ന് നടിയുടെ സഹോദരന്‍ ശങ്കരരാമന്‍ നേരത്തെ ലോകായുക്തയില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിനോട് നേരിട്ട് ഹാജരാവാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നു. ശ്രീവിദ്യയുടെ മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി 2006 ആഗസ്റ്റില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വില്‍പത്രം രജിസ്റ്റര്‍ ചെയ്തിരുന്നു. ട്രസ്റ്റ് രൂപവത്കരിച്ച് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കുക, സംഗീത നൃത്ത വിദ്യാലയം തുടങ്ങുക, സ്വത്തിന്റെ നിശ്ചിത വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വില്‍പത്രത്തില്‍ ഉണ്ടായിരുന്നത്. ഇവ നടപ്പാക്കേണ്ട ചുമതല ഗണേഷ്‌കുമാറിനായിരുന്നു. ഇവയെല്ലാം ഗണേഷ് അട്ടിമറിച്ചെന്നാണ് പരാതി.