700 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമാകും

Posted on: June 20, 2015 6:00 am | Last updated: June 19, 2015 at 11:37 pm

STETHESCOPE DOCTOR>>അധ്യാപകരും അടിസ്ഥാനസൗകര്യങ്ങളുമില്ല
>>മൂന്ന് സര്‍ക്കാര്‍ കോളജുകള്‍ ഇത്തവണയില്ല

തിരുവനന്തപുരം:മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എഴുനൂറ് എം ബി ബി എസ് സീറ്റുകള്‍ ഈ അധ്യയന വര്‍ഷം നഷ്ടപ്പെടും. അധ്യാപകരുടെ കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് എം സി ഐ നടപടിക്ക് ആധാരം. സ്വാശ്രയ കോളജുകളിലെ 550 സീറ്റും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 150 സീറ്റുകളുമാണ് നഷ്ടപ്പെടുന്നത്. പുതുതായി തുടങ്ങിയ പാലക്കാട് മെഡിക്കല്‍ കോളജിലെ നൂറ് സീറ്റിനും ഇടുക്കി മെഡിക്കല്‍ കോളജിലെ അമ്പത് സീറ്റിനുമാണ് അംഗീകാരം നഷ്ടമായത്. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി തുടങ്ങാന്‍ നിശ്ചയിച്ച കോന്നി, തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ്, പാരിപ്പള്ളി മെഡിക്കല്‍ കോളജ് എന്നിവ ഈ അധ്യയന വര്‍ഷം തുടങ്ങാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലായി ആകെ 2,950 എം ബി ബി എസ് സീറ്റുകളാണുളളത്. ഇതില്‍ ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 1,250 സീറ്റുകളില്‍ 150 എണ്ണത്തില്‍ പ്രവേശനം നടത്തരുതെന്നാണ് എം സി ഐ നിര്‍ദേശിച്ചിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 75 ശതമാനം അധ്യാപകരുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. കിടത്തിച്ചികിത്സക്ക് വേണ്ട സൗകര്യമില്ല. എക്‌സ് റേ യൂനിറ്റ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുമില്ല. മുമ്പ് രണ്ട് തവണ നടത്തിയ പരിശോധനയിലും മെഡിക്കല്‍ കൗണ്‍സില്‍ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയും അംഗീകാരം നഷ്ടമാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. പോരായ്മകള്‍ പരിഹരിക്കാമെന്ന് മെഡിക്കല്‍ കൗണ്‍സിലിന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളുണ്ടാകാതിരുന്നത്. എന്നാല്‍, സമയബന്ധിതമായി അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീണ്ടും വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് സീറ്റുകള്‍ നഷ്ടമായത്.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പത്തനംതിട്ട കോന്നി, കൊല്ലം പാരിപ്പള്ളി, തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജ് എന്നിവയുടെ അടിസ്ഥാനരേഖകള്‍ പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. പതിനാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 1,600 സീറ്റുകളില്‍ 550 സീറ്റുകളില്‍ പ്രവേശനം നടത്താന്‍ പാടില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന കോഴിക്കോട് കെ എം സി ടി, തിരുവനന്തപുരം ഗോകുലം എന്നീ മെഡിക്കല്‍ കോളജുകളുടെ അപേക്ഷയും തള്ളി. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശന നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ എഴുനൂറ് സീറ്റുകള്‍ ഒറ്റയടിക്ക് കുറയുന്നത് വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് തിരിച്ചടിയാകും. മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലാതെ പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം.