Connect with us

Editorial

അഡ്വാനിയും കട്ജുവും ഉയര്‍ത്തുന്ന ആശങ്ക

Published

|

Last Updated

രാജ്യം താമസിയാതെ തന്നെ മറ്റൊരു അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ദിരാ കാലത്തിന് സമാനമായി ഇന്ത്യയിലെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അടിച്ചമത്തപ്പെടുമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു ഇതിനിടെ വിലയിരത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളുടെയും ജനങ്ങളില്‍ അതിനെതിരെ ഉയരുന്ന അസംതൃപ്തിയുടെയും പശ്ചാത്തലത്തിലാണ് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ബ്ലോഗില്‍ അദ്ദേഹത്തിന്റെ ഈ നിരീക്ഷണം. ഇപ്പോള്‍ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികത്തോടനുന്ധിച്ചു ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി ജെ പിയുടെ തലമുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയും ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.
ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ സാമൂഹിക ക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിത സാഹചര്യങ്ങളെ നേരിടാന്‍ ഭരണഘടന സര്‍ക്കാറിന് അനുവദിച്ച അവകാശമാണ് അടിയന്തരാവസ്ഥ. യുദ്ധ പ്രഖ്യാപനം, ആഭ്യന്തര കലാപം, പ്രകൃതി ക്ഷോഭം മുതലായവ സംഭവങ്ങളെ തുടര്‍ന്നാണ് സാധാരണ ഇത് പ്രഖ്യാപിക്കാറുള്ളത്. പലപ്പോഴും ഭരണാധികാരികള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ നിയമം ദുരുപയോഗം ചെയ്യാറുമുണ്ട്. ഇത്തരമൊരു ദുരുപയോഗമായിരുന്നു 1975ലെ അടിയന്തരാവസ്ഥ. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതി അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. അലഹാബാദ് ഹൈക്കോടതി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ജയപ്രകാശ് നാരായണന്റെ ആഭിമഖ്യത്തില്‍ രാജ്യവ്യാപകമായി ജനാധിപത്യ പ്രക്ഷോഭം ആരംഭിക്കുയും ചെയ്ത സാഹചര്യത്തിലാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരമൊരു കടുകൈക്ക് അവരെ പ്രേരിപ്പിച്ചത് ചുറ്റുമുള്ള സ്തുതിപാഠക സംഘമായിരുന്നു.
ജനായത്ത വ്യവസ്ഥിതിയോടുള്ള പ്രതിബദ്ധത നഷ്ടപ്പെടുകയും അധികാരം സ്വന്തത്തിലേക്ക് കേന്ദ്രീകരിക്കണമെന്ന് ഭരണാധികാരി കലശലായി ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യ സര്‍ക്കാര്‍ വഴിതെറ്റി സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യമാണ് രാജ്യത്ത് സംജാതമയിക്കൊണ്ടിരിക്കുന്നതെന്നാണ് മാര്‍ക്കണ്ഡേയ കട്ജുവിനെ പോലെ അഡ്വാനിയുടെയും വിലയിരുത്തല്‍. എല്ലാ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന ഭരണ ശൈലിയാണ് മോദിയുടെതെന്ന് വിമര്‍ശനമുയര്‍ത്തുന്നത് രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, ഭരണത്തിലെ സഹചാരികള്‍ കൂടിയാണ്. ഗുജറാത്ത് ഭരണ കാലത്തെന്ന പോലെ പാര്‍ട്ടിയിലെ എതിരാളികളെ മാത്രമല്ല, എതിരാളികളോ വിമര്‍ശകരോ ആകാന്‍ സാധ്യതയുള്ളവരെയും പൂര്‍ണമായും പിന്തള്ളുകയോ ഒതുക്കുകയോ ആണ് കേന്ദ്രത്തിലും മോദി ചെയ്തത്. അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയേയും പോലും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹം ഒഴിവാക്കി. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ അദ്ദേഹത്തിന് വിശ്വാസമില്ല. വിദേശയാത്രകള്‍ നടത്തുമ്പോള്‍ താന്‍ കൈകാര്യ ചെയ്യുന്ന വകുപ്പുകളിന്നൊന്നിന്റെ പോലും ചുമതല മറ്റാരെയും ഏല്‍പിക്കാന്‍ വിമുഖത കാണിക്കുന്നത് ഇത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ വലം കൈയായ അമിത്ഷായെയും ചുറ്റുമുള്ള ചില സ്തുതിപാഠകരെയും മാത്രമാണ് അദ്ദേഹത്തിന് വിശ്വാസം.
ദരിദ്രരുടെ എണ്ണവും വിലക്കയറ്റവും കുത്തനെ ഉയരുന്ന അവസ്ഥക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് “നല്ല ദിനങ്ങള്‍” വാഗ്ദാനം ചെയ്ത ബി ജെ പിയെ ജനങ്ങള്‍ തുണച്ചത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ അംബാനിമാരുടെയും അദാനിമാരുടെയും തോളില്‍ കൈയിട്ടും സാധാരണക്കാരനെ നോക്കി പരിഹസിക്കുകയാണ് അദ്ദഹം. കര്‍ഷകരെയും ഗ്രാമീണ ജനതയെയും മറന്നു വികസനം കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ നിനില്‍പ് അപകടത്തിലാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014 മെയ് 26നും 2015 മേയ് 13നും ഇടയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അറുനൂറിലേറെ അതിക്രമങ്ങളാണ് അരങ്ങേറിയത്. മൊത്തത്തില്‍ രാജ്യത്തെ സാധാണക്കാരും മതന്യൂനപക്ഷങ്ങളും പാര്‍ശവത്കൃത ജനവിഭാഗങ്ങളും കടുത്ത അംസതൃപതിയിലാണ്. ഇത്തരം സാഹചര്യങ്ങളാണ് ഭരണവിരുദ്ധ വികാരത്തിലേക്ക് പ്രക്ഷോഭത്തിലേക്കും ജനങ്ങളെ നയിക്കുന്നതും അതിനെ പ്രതിരോധിക്കാന്‍ ഭരണകൂടം ഫാസിസ്റ്റ് നയങ്ങളെ അവലംബിക്കുന്നതും. മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇന്ദിരാ ഗാന്ധിയെങ്കില്‍ ഫാസിസ്റ്റ് ചിന്താഗതി പുലര്‍ത്തുന്ന ഒരു പ്രസ്ഥനത്തിന്റെ സഹയാത്രികനാണ് മോദിയെന്ന വസ്തുത അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച ഭയാശങ്കക്ക് ആക്കം വര്‍ധിപ്പിക്കുന്നു.