സോളാര്‍ കേസ്: അബ്ദുല്ലക്കുട്ടിയില്‍ നിന്ന് തെളിവെടുക്കണം- എ ഐ വൈ എഫ്

Posted on: June 19, 2015 5:04 am | Last updated: June 19, 2015 at 12:06 am

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയെ വിളിച്ചുവരുത്തി സോളാര്‍ കമീഷന്‍ തെളിവെടുക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍ സോളാര്‍ കമീഷന്‍ ജസ്റ്റിസ് ശിവരാജനു നല്‍കിയ മൊഴിയില്‍ ആവശ്യപ്പെട്ടു.
സോളാര്‍പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കെന്ന വ്യാജേന മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി എ പി അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നു കാണിച്ച് 2013 മാര്‍ച്ച് 10ന് തിരുവനന്തപുരം വനിതാസ്റ്റേഷനില്‍ സരിത നല്‍കിയ പരാതിയില്‍ ശരിയായ അന്വേഷണം നടക്കാത്തതില്‍ ദുരൂഹതയുണ്ട്. അന്വേഷണത്തിന്റെ പേരില്‍ പ്രഹസനം മാത്രമാണ് നടക്കുന്നതെന്നും കെ രാജന്‍ മൊഴിനല്‍കി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണം നടത്തിയാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട പല പ്രമുഖരുടെയും പേര് പുറത്തുവരാന്‍ സാധ്യതയുള്ളതിനാലാണ് അന്വേഷണം മരവിപ്പിച്ചത്. ഇരയായ സ്ത്രീ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയാല്‍ പൊലീസ് എടുക്കേണ്ടതായ നിയമപരമായ നടപടി ഇത്രയും കാലമായിട്ടും സ്വീകരിച്ചിട്ടില്ലെന്നും കെ രാജന്‍ കമീഷനോട് പറഞ്ഞു.
2014 സെപ്തംബര്‍ 14ന് ഡിജിപിക്ക് സരിത നല്‍കിയ പരാതിയുടെ പകര്‍പ്പും രാജന്‍ ഹാജരാക്കി. അറസ്റ്റിലായ സരിതയില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളിലും മൊബൈലുകളിലും ചിലത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാണാനില്ലെന്നും, ഇതില്‍ ഉണ്ടായിരുന്ന നഗ്നദൃശ്യങ്ങളാണ് പിന്നീട് വാട്‌സ് അപ്പ് വഴി പ്രചരിച്ചതെന്നുമുള്ള സരിതയുടെ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.