ബ്രസീല്‍-സെര്‍ബിയ ഫൈനല്‍

Posted on: June 18, 2015 5:04 am | Last updated: June 19, 2015 at 1:08 am

brazil.jpgunder 20ക്രൈസ്റ്റ്ചര്‍ച്ച്: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ബ്രസീല്‍ – സെര്‍ബിയ ഫൈനല്‍. സെനഗലിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ആധികാരികമായിട്ടാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശം. സെര്‍ബിയ 2-1ന് മാലിയെ കീഴടക്കി. ഫൈനല്‍ ശനിയാഴ്ച. സെനഗല്‍-മാലി മൂന്നാം സ്ഥാന പ്ലേ ഓഫും അന്ന് നടക്കും.
പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെയോടും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനോടും ഷൂട്ടൗട്ടില്‍ രക്ഷപ്പെട്ട ബ്രസീലിനെയല്ല സെനഗലിനെതിരെ കണ്ടത്. ഓരോ നിമിഷവും ആക്രമം അഴിച്ചുവിട്ടുള്ള മഞ്ഞപ്പടയുടെ കളിയില്‍ സെനഗല്‍ അഞ്ചാം മിനുട്ടില്‍ തന്നെ പകച്ചു. അന്‍ഡ കോറിയയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ ലീഡെടുത്തു. മാര്‍കോസ് ഗ്യുല്ലെര്‍മോ (7, 78 മിനുട്ടുകളില്‍) ഇരട്ട ഗോളുകള്‍ നേടി. പത്തൊമ്പതാം മിനുട്ടില്‍ ബോഷിലയും മുപ്പത്തഞ്ചാം മിനുട്ടില്‍ ഫ്‌ളെമംഗോ ഡിഫന്‍ഡര്‍ ജോര്‍ജും ബ്രസീലിനായി ലക്ഷ്യം കണ്ടു.
ആദ്യ ഏഴ് മിനുട്ടില്‍ 2-0ന് ലീഡെടുത്തതോടെ ബ്രസീല്‍ മത്സരം വരുതിയിലാക്കി. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും നിശ്ചിത, അധിക സമയങ്ങളില്‍ ഗോളടിക്കുന്നതില്‍ ബ്രസീല്‍ പരാജയപ്പെട്ടത് കോച്ച് റോജേരിയോ മികാലെയെ പ്രതിസ്ഥാനത്താക്കിയിരുന്നു. എന്നാല്‍ 244 മിനുട്ട് നേരത്തെ ഗോള്‍ദാരിദ്ര്യം സെമിയില്‍ സെനഗലിനെതിരെ ബ്രസീല്‍ മാറ്റിയെടുത്തത് ഗോള്‍വര്‍ഷത്തോടെ.
കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് 7-1ന് സീനിയര്‍ ടീം തോറ്റതോടെ ജൂനിയര്‍ ടീം പ്രതിരോധം ശക്തിപ്പെടുത്തിയുള്ള കേളീശൈലിയാണ് പ്രയോഗിച്ചത്. ഇത് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ഗോളടിയെ സാരമായി ബാധിച്ചു. സെമിഫൈനലില്‍ ബ്രസീല്‍ ടീം സ്വതസിദ്ധമായ ആക്രമണ ശൈലിയിലേക്ക് മാറുകയായിരുന്നു. ഫൈനലിലും ഇതേ രീതിയില്‍ ആക്രമണമാകും ബ്രസീല്‍ പദ്ധതി.
അഞ്ച് തവണ ചാമ്പ്യന്‍മാരായ ബ്രസീലിന് ശനിയാഴ്ച സെര്‍ബിയയെ കീഴടക്കിയാല്‍ ആറ് കിരീടവുമായി അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്താം.
മാലിക്കെതിരെ സെര്‍ബിയയുടെ വിജയഗോള്‍ എക്‌സ്ട്രാ ടൈമില്‍ ഇവാന്‍ സപോജികാണ് നേടിയത്. നാലാം മിനുട്ടില്‍ സികോവിച് സെര്‍ബിയയെ മുന്നിലെത്തിച്ചു. യൂസുഫ് കോനെ മുപ്പത്തൊമ്പതാം മിനുട്ടില്‍ മാലിയുടെ സമനില ഗോള്‍ നേടി.
ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ അട്ടിമറിച്ച മാലിയെ ജാഗ്രതയോടെയാണ് സെര്‍ബിയ നേരിട്ടത്.