വ്യക്തി വിശുദ്ധിക്കും സാമൂഹിക നന്മക്കും വേണ്ടി

Posted on: June 18, 2015 6:00 am | Last updated: June 17, 2015 at 11:47 pm

ramadan1വിശുദ്ധിയുടെ മാസമായ റമസാന്‍ സമാഗതമായിരിക്കുന്നു. സര്‍വ ശക്തനായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് നന്മകള്‍ ധാരാളം ചെയ്യാനുള്ള അവസരമാണ് ഈ നോമ്പുകാലം. വ്യക്തി ജീവിതത്തിലെ വിശുദ്ധിയും സാമൂഹിക ജീവിതത്തിലെ നന്മയും ഓരോ വിശ്വാസിയും കാത്തുസൂക്ഷിക്കുമ്പോഴാണ് റമസാന്‍ ആത്മീയ ധന്യമായിത്തീരുന്നത്.
പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ നാടും നഗരവും ഉണരുകയായി. നന്മ നിറഞ്ഞ ഒരു അന്തരീക്ഷമാണ് റമസാനിന്റെ ആഗമനത്തില്‍ എവിടെയും നാം കാണുന്നത്. വ്യക്തി ശുദ്ധിയും സംസ്‌കരണവുമാണ് റമസാന്‍ മാസത്തില്‍ നേടിയെടുക്കേണ്ടത്. അതിനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തേണ്ടതും. വിവിധ കാരണങ്ങള്‍ കൊണ്ട് മനുഷ്യ മനസ്സുകള്‍ അകലങ്ങളില്‍ കഴിയുന്ന ഒരു കാലത്ത് നന്മ നിറഞ്ഞ ഒരു ജീവിതം കാഴ്ച വെച്ചാല്‍ തന്നെ നാഥനായ അല്ലാഹുവിന്റെ അനുഗ്രഹം മണ്ണിലിറങ്ങും. പ്രപഞ്ച സ്രഷ്ടാവായ റബ്ബിന്റെ വിശാലമായ കാരുണ്യം അടിമകളായ മനുഷ്യര്‍ക്ക് ലഭിക്കുന്ന മാസമാണിത്.
കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി (സ) അരുളി: ”ഇതാ, നിങ്ങള്‍ക്ക് റമസാന്‍ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ മാസമാണിത്. അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാന്‍ പോകുന്നു. അവന്റെ കരുണ അവതരിക്കുന്നു. പാപങ്ങള്‍ പൊഴിഞ്ഞു വീഴുന്നു. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ കിടമത്സരം അല്ലാഹു നോക്കിക്കാണുന്നു. അവന്‍ നിങ്ങളെ മുന്‍നിര്‍ത്തി മലാഇകതിനോട് അഭിമാനം പങ്കുവെക്കുന്നതാണ്”
അല്ലാഹുവില്‍ പൂര്‍ണമായി സ്വയം സമര്‍പ്പിക്കുകയും പുണ്യ കര്‍മങ്ങള്‍ ചെയ്യാനുള്ള കര്‍ത്തവ്യ ബോധത്തോടെ ജീവിക്കുകയും ചെയ്യുമ്പോള്‍ റമസാന്‍ മാസത്തില്‍ ആരാധനാ ധന്യമായ ഒരു ജീവിതം നയിക്കാന്‍ കഴിയും. നമുക്ക് ചുറ്റും ജീവിക്കുന്നവരോട് കരുണ ചെയ്യുകയും പാവപ്പെട്ടവരെ സഹായിക്കുകയും വേണം. പിശാചിനെ തടവിലാക്കുന്ന ഈ വിശുദ്ധ ദിനരാത്രങ്ങളില്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള കര്‍മങ്ങള്‍ ചെയ്യണം. മുന്‍കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുത്തു തരാന്‍ പ്രാര്‍ഥിക്കുക. അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന റമസാനില്‍ അവന്‍ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും. മനസ്സിനുള്ളിലെ നീറുന്ന വിഷയങ്ങള്‍ നാഥനോട് തുറന്ന് പറയുക.
പരസ്പരം സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് പൊറുത്തു കൊടുക്കാനുമുള്ള അവസരം കൂടിയാണ് റമസാന്‍. കുടുംബ ബന്ധം ചേര്‍ക്കാനും എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സമയം കണ്ടെത്തണം. പരസ്പരം മറന്നും പൊറുത്തും സ്‌നേഹിക്കാന്‍ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികള്‍ ഒന്നൊന്നായി തുറക്കപ്പെടും. റമസാന്‍ നല്‍കുന്ന മഹത്തായ സാമൂഹിക പാഠം തന്നെ സ്‌നേഹസമൂഹം സുരക്ഷിത സമൂഹമെന്നതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. റമസാനില്‍ മറക്കാനും പൊറുക്കാനും മനുഷ്യനാകണം. മറ്റുള്ളവരെ സമീപിക്കാനും മറ്റുള്ളവരോട് സഹകരിക്കാനും സാധിക്കണം.
വിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങുമ്പോഴാണ് ഇത്തരം നന്മകള്‍ ചെയ്യാന്‍ സാധിക്കുക. വിശുദ്ധ ഗ്രന്ഥം അല്ലാഹുവില്‍ നിന്നിറങ്ങിയ മാസം കൂടിയാണല്ലോ റമസാന്‍. ഖുര്‍ആന്‍ ഓതുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക. ഒപ്പം സുന്നത്തായ ആരാധനാ കര്‍മങ്ങള്‍ ധാരാളം ചെയ്യുക. ദാനധര്‍മം സമൂഹത്തിന്റെ അനിവാര്യ ആവശ്യമാണ്. റമസാന്‍ നല്‍കുന്ന മഹത്തായ ഒരു സന്ദേശം തന്നെ ദാനധര്‍മത്തിന്റെതാകുന്നു. റമളാനില്‍ ധര്‍മം ചെയ്യുന്നതിന് വന്‍ പ്രതിഫലം തന്നെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു നന്മക്ക് ഒരു ഫര്‍ളിന്റെ കൂലിയാണ് റമസാനില്‍. അപ്പോള്‍ നന്മകള്‍ ചെയ്യാനുള്ള ഒരവസരവും വിശ്വാസികള്‍ പാഴാക്കില്ല. റമസാന്‍ മാസത്തില്‍ ദാനധര്‍മം വര്‍ധിപ്പിക്കല്‍ സുന്നത്താകുന്നു. അവസാന പത്തില്‍ ശക്തമായ സുന്നത്താണിത്. അതുപോലെ തന്നെ തന്റെ ആശ്രിതര്‍ക്ക് വിശാലത ചെയ്തുകൊടുക്കലും സുന്നത്ത് തന്നെ. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഉപകാരം ചെയ്യലും സുന്നത്താകുന്നു. തറാവീഹ് നിസ്‌കാരം, ഇഅ്തികാഫ്, നോമ്പ് തുറപ്പിക്കല്‍ തുടങ്ങി ധാരാളം ആരാധനകള്‍ ചെയ്തു അല്ലാഹുവിലേക്ക് മടങ്ങാം.
ആത്മ വിചാരത്തിന്റെ മാസമാണല്ലോ റമസാന്‍. വ്യക്തി ജീവിതം ആത്മീയ ധന്യമാക്കുക. കൂടുതല്‍ നല്ല മനുഷ്യരാകുക. ആഖിറത്തില്‍ നമുക്ക് അനുകൂലമായി സാക്ഷി നില്‍ക്കുന്ന ഒരു മാസമാവട്ടെ ഈ വര്‍ഷത്തെ റമസാന്‍. ആമീന്‍.