ഹജ്ജ്: ബാക്കി തുക ജൂലൈ 13നകം അടക്കണം

Posted on: June 18, 2015 6:00 am | Last updated: June 19, 2015 at 1:08 am

കൊണ്ടോട്ടി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ബാക്കി തുക അടുത്ത മാസം 13നകം അടക്കണം. ഗ്രീന്‍ കാറ്റഗറിക്കാര്‍ 1,31,850രൂപയും അസീസിയ കാറ്റഗറി തിരഞ്ഞെടുത്തവര്‍ 99,100 രൂപയുമാണ് അടക്കേണ്ടത്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖയിലാണ് പ്രത്യേക പേ ഇന്‍ സ്ലിപ്പില്‍ പണമടക്കേണ്ടത്. വിദേശ വിനിമയ സംഖ്യയിനത്തിലും, അഡ്വാന്‍സ് വിമാന ചാര്‍ജ്ജ് ഇനത്തിലുമായി അപേക്ഷയോടൊപ്പം നേരത്തെ അടച്ച 81,000രൂപക്ക് പുറമെയാണ് ഇത്രയും തുക അടക്കേണ്ടത്. പണമടക്കുന്നതിനുള്ള പേ ഇന്‍ സ്ലിപ് www.hajcommittee.gov.in,
www.keralahajcommittee.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ അതാത് പ്രദേശത്തെ ട്രെയ്‌നര്‍മാരില്‍ നിന്ന് ലഭിക്കും. പേ ഇന്‍ സ്ലിപ്പില്‍ കവര്‍ നമ്പറും, ബേങ്ക് റഫറന്‍സ് നമ്പറും, മുഴുവന്‍ അപേക്ഷകരുടെ പേരും അടയ്കുന്ന തുകയും വ്യക്തമായി ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അപേക്ഷകര്‍ക്ക് ഇപ്പോള്‍ ലഭിച്ച കാറ്റഗറി പ്രകാരമുള്ള തുക തന്നെ അടയ്കണം. വിമാനകൂലിയിനത്തില്‍ സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ (മുമ്പ് ഹജ്ജ് ചെയ്തിട്ടുള്ള മെഹ്‌റം/സഹായി) മുകളില്‍ സൂചിപ്പിച്ച തുകയോടൊപ്പം 28,700 രൂപ കൂടി അധികമായി അടക്കണം. ഇന്‍ഫന്റിന് 11,050 രൂപയാണ് അടക്കേണ്ടത്. ഒരു കവറിലെ മുഴുവനാളുകളുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്. ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യമില്ലാത്തവര്‍ അറവിനുള്ള തുകയായ 8200 രൂപ കിഴിച്ച് ബാക്കി തുക അടച്ചാല്‍ മതി. ഇവര്‍ നിശ്ചിത സമയത്തിനകം കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കേണ്ടതും അതിന്റെ കോപ്പി പേ ഇന്‍ സ്ലിപ്പിനൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതുമാണ്. പണമടച്ചതിന് ശേഷം പേ-ഇന്‍-സ്ലിപ്പിന്റ ഹജ്ജ് കമ്മിറ്റിക്കുള്ള ഒറിജിനലും അതിന്റെ ഒരു ഫോട്ടോ കോപ്പിയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് (പി ഒ), മലപ്പുറം- 673647 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പേ-ഇന്‍-സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി / അപേക്ഷകന്‍ തന്നെ സൂക്ഷിക്കേണ്ടതുംതും ഹജ്ജ് യാത്രാ സമയത്ത് കൈവശം കരുതേണ്ടതുമാണ്.