ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍

    Posted on: June 17, 2015 11:42 pm | Last updated: June 17, 2015 at 11:42 pm
    ramzan TVM T SIVAJI kumar
    ചിത്രം;ടി.ശിവജി കുമാര്‍

    കോഴിക്കോട്: പടിഞ്ഞാറന്‍ മാനത്ത് റമസാന്‍ പിറ കണ്ടു, മണ്ണിലും വിണ്ണിലും നാഥന്റെ സങ്കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. റമസാനിന്റെ വിശുദ്ധി ഏറ്റുവാങ്ങാനായി ഹൃദയങ്ങളെ പാകപ്പെടുത്തി കാത്തിരുന്ന വിശ്വാസികളിലേക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവുമായി ഒരു മാസം കൂടി വിരുന്നെത്തി.
    കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമസാന്‍ ഒന്നാണെന്ന് കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്തമഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, കോഴിക്കോട്, മലപ്പുറം, വയനാട്, കുടക്, ശിമോഗ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയുടെ പ്രതിനിധികളായ സി മുഹമ്മദ് ഫൈസി, മൊയ്തീന്‍ കുട്ടി ബാഖവി പൊന്‍മള, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മഹ്മൂദ് മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചതോടെയാണ് റമസാന് സമാരംഭമായത്.