ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ശൈഖ് സഊദ് ഭൂമി നല്‍കി

Posted on: June 17, 2015 8:00 pm | Last updated: June 17, 2015 at 8:40 pm

ഉമ്മുല്‍ ഖുവൈന്‍: ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് അഭയം നല്‍കാനായി ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല ഭൂമി നല്‍കി. ഉപേക്ഷിക്കപ്പെടുന്ന പൂച്ച, നായ, ആട്, കഴുത തുടങ്ങിയവയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതിനായി പ്രവര്‍ത്തിക്കുന്ന ഡോ. ലൂസി മിഷേല്‍ സ്ഥാപിച്ച ഉമ്മുല്‍ ഖുവൈനിലെ മൃഗസംരക്ഷണ പദ്ധതിക്ക് ഭൂമി നല്‍കിയിരിക്കുന്നത്. യു കെ സ്വദേശിയായ മിഷേലും സുഹൃത്തായ ജര്‍മന്‍ സ്വദേശി ബാര്‍ബറ കാര്‍സ്റ്റണുമാണ് ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നത്. ശൈഖ് സഊദ് 90,000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നല്‍കിയിരിക്കുന്നത്. മൂന്നു മാസം മുമ്പേ ഭൂമി അനുവദിച്ചിരുന്നുവെന്നും അതിന്റെ ഔദ്യോഗിക കൈമാറ്റത്തിനാണ് സമയം വേണ്ടിവന്നതെന്നും ഡോ. മിഷേല്‍ വ്യക്തമാക്കി.
ഭൂമി ലഭിച്ച സാഹചര്യത്തില്‍ മേഖല വേലികെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യം ആരംഭിക്കേണ്ടതെന്നും ഇത് പൂര്‍ത്തിയാവാന്‍ 15 ആഴ്ച വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ഇതിനായി പണം സ്വരൂപിക്കേണ്ടതുണ്ട്. വേലി കെട്ടുന്ന പ്രവര്‍ത്തി പൂര്‍ത്തിയായാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തങ്ങള്‍ക്ക് കീഴില്‍ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ഇവിടേക്ക് മാറ്റാന്‍ സാധിക്കൂ. നൂറു കണക്കിന് മൃഗങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ് ഉമ്മുല്‍ ഖുവൈനിലെ മരുഭൂമിയില്‍ ശൈഖ് സഊദ് അനുവദിച്ചിരിക്കുന്ന ഭുമി. നിലവില്‍ വെറ്റിനറി ക്ലിനിക്കുകളോട് ചേര്‍ന്നോ, നായ വളര്‍ത്തല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടോ ആണ് ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളെ സംരക്ഷിച്ചു വരുന്നത്. മാര്‍ച്ചില്‍, ഉപേക്ഷിക്കപ്പെട്ട കഴുതകളെയും നായകളെയും വെടിവെച്ചു കൊന്നതായി ബോധ്യപ്പെട്ടിരുന്നു. കടുവകളെ വളര്‍ത്തുന്ന അനധികൃത ഫാമിന് വേണ്ടിയാണ് ഇവയെ കൊന്ന് മാംസം കടത്തിയതെന്നാണ് സംശയിക്കുന്നത്. ഈ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് ഇത്തരം മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അധികൃതരെ സമീപിച്ചത്. ഏത് തരത്തിലുളള ഭൂമിയാണ് വേണ്ടതെന്ന് നഗരസഭാ അധികൃതരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. മരങ്ങളുടെ നിഴലുള്ളതും നായകള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലുള്ള പ്രതലമുള്ള പ്രദേശവുമായിരുന്നു ആവശ്യപ്പെട്ടത്. ആ രീതിയിലുള്ള ഭൂമി തന്നെ അനുവദിച്ചു തന്നിരിക്കുന്നതില്‍ ശൈഖ് സഊദിനോട് നന്ദിയുണ്ട്. മൃഗങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഭൂമിയായിരിക്കണമെന്നായിരുന്നു ഞങ്ങളുടെ നിര്‍ബന്ധം. അവക്ക് ഭക്ഷണം, വെള്ളം എന്നിവ യഥേഷ്ടം ലഭിക്കുന്നതും ആരോഗ്യം സംരക്ഷിക്കപ്പെടുന്നതുമായിരിക്കണം. ഇവയെല്ലാം പരിഗണിച്ചുള്ള ഒരു ഭൂമി തരപ്പെടുത്തി തന്നതില്‍ ഉമ്മുല്‍ ഖുവൈന്‍ നഗരസഭയുടെ നേതൃത്വത്തോടും അതിയായ നന്ദിയുണ്ടെന്നും ഡോ. മിഷേല്‍ പറഞ്ഞു. ധാരാളം മൃഗങ്ങളെ സംരക്ഷിക്കാന്‍ ഉതകരുന്ന ഭൂമിയാണ് നഗരസഭ നല്‍കിയിരിക്കുന്നതെന്ന് ഉമ്മുല്‍ ഖുവൈന്‍ നഗരസഭയുടെ പരിസ്ഥിതി-പൊതുജനാരോഗ്യ വിഭാഗം തലവന്‍ ഗാനേം അലിയും വ്യക്തമാക്കി.