ദുബൈ ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ ദിനേന എത്തുന്നത് 400 കേസുകള്‍

Posted on: June 17, 2015 6:46 pm | Last updated: June 17, 2015 at 6:46 pm
dubai hospital
ദുബൈ ഹോസ്പിറ്റല്‍

ദുബൈ: ദുബൈ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തില്‍ ദിനേന 400 കേസുകള്‍ എത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി. പലരും സ്ട്രക്ചറിലും മറ്റുമാണ് എത്താറെങ്കിലും പരസഹായമില്ലാതെ തിരിച്ചുപോകുന്നത് നിര്‍വൃതി നല്‍കുന്ന കാര്യമാണെന്ന് അത്യാഹിത വിഭാഗം തലവന്‍ ഡോ. മെഹ്മൂദ് ഗനായെം വ്യക്തമാക്കി. വിവിധ രീതിയില്‍ സങ്കീര്‍ണമായ കേസുകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓരോ ദിനത്തിലും എത്തുക. ഒരിക്കല്‍ ഹൃദയമിടിപ്പ് ഇല്ലാത്ത നിലയില്‍ എത്തിയ ഒരാള്‍ ജീവനോടെ തിരിച്ചുപോയത് തനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും ഡോ. മെഹ്മൂദ് വ്യക്തമാക്കി. മരിച്ചെന്ന് ഉറപ്പിച്ചതായിരുന്നു ആ ലബനീസ് യുവാവിന്റെ അവസ്ഥ. എന്നിട്ടും ഞങ്ങള്‍ പ്രതീക്ഷ കൈവിടാതെ ചികിത്സിച്ചതിനാലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അയാള്‍ ഇപ്പോഴും പതിവായി ഇവിടെ സന്ദര്‍ശനത്തിന് എത്താറുണ്ട്.
ഒരാളുടെ ഹൃദയം നിലച്ചാലും 20 മിനുട്ടിനുള്ളില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ന് സാധിച്ചേക്കും. ചില കേസുകളില്‍ രണ്ടു മണിക്കൂര്‍ വരെ ശ്വാസം നിലച്ച വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമോയെന്ന് ഞങ്ങള്‍ പരിശ്രമിക്കാറുണ്ട്. രോഗിയുടെ പ്രായമൊന്നും ഇതിന് തടസമാവാറില്ല. ഒരിക്കല്‍ ഒരു സ്ത്രീ ആശുപത്രിയില്‍ എത്തി. എന്തോ വേദനയുമായാണ് അവര്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം എത്തിയത്. പരിശോധനയില്‍ ഗൗരവമുള്ള രോഗമൊന്നും കണ്ടെത്തിയില്ല.
എന്നാല്‍ അല്‍പം കഴിഞ്ഞ് ഞങ്ങള്‍ക്ക് മുമ്പില്‍ കുഴഞ്ഞു വീണു അവര്‍ മരിച്ചു. എല്ലാ സൗകര്യങ്ങളും മുമ്പിലുണ്ടായിട്ടും ഞങ്ങള്‍ക്ക് അവരെ രക്ഷിക്കാനായില്ല. ഡോക്ടര്‍ എന്ന നിലയില്‍ നിസ്സഹായനാവുന്ന അത്തരം അവസ്ഥകളും പലപ്പോഴും സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.