ശാരദ ചിറ്റ്ഫണ്ട്; മിഥുന്‍ ചക്രവര്‍ത്തി 1.2 കോടി എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കി

Posted on: June 17, 2015 5:08 am | Last updated: June 17, 2015 at 12:09 am

കൊല്‍ക്കത്ത: കോടികളുടെ കുംഭകോണത്തിലൂടെ കുപ്രസിദ്ധമായ ശാരദ ചിറ്റ് ഫണ്ടില്‍ നിന്ന് ലഭിച്ച 1.2 കോടി രൂപ തൃണമൂല്‍ കോണ്‍ഗ്രസ് എം പിയും സിനിമാ നടനുമായ മിഥുന്‍ ചക്രവര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
ശാരദ ചിറ്റ് ഫണ്ട് നടത്തിയ കോടികളുടെ കുംഭകോണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മിഥുന്‍ ചക്രവര്‍ത്തിയെ കഴിഞ്ഞ മാസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ശരദ ചിറ്റ് ഫണ്ടുകാര്‍ തനിക്ക് നല്‍കിയ പണം ഉടനെ ഇ ഡി അധികൃതരെ ഏല്‍പിക്കുമെന്ന് അന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ശാരദ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന വകയില്‍ തനിക്ക് ലഭിച്ച സംഖ്യയും അതുമായി ബന്ധപ്പെട്ട ഡി വി ഡിയും സിഡികളും മറ്റ് രേഖകളും മിഥുന്‍ ഇ ഡി അധികൃതര്‍ക്ക് കൈമാറാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
കള്ളപ്പണ ഇടപാട് തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് അധികൃതര്‍ സിനിമാതാരത്തെ ചോദ്യം ചെയ്തത്. ശാരദ ഗ്രൂപ്പുമായി തനിക്ക് തൊഴില്‍ പരമായ ബന്ധം മാത്രമാണ് ഉള്ളതെന്നും ആരെയെങ്കിലും വഞ്ചിക്കാന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും മിഥുന്‍ അധികൃതരെ അറിയിച്ചിരുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരുമായി മിഥുന്‍ ചക്രവര്‍ത്തി സഹകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ബ്രാന്‍ഡ് അംബാസഡറെന്ന നിലയി ല്‍ ചിറ്റ് ഫണ്ട്‌സില്‍ നിന്ന് തനിക്ക് ലഭിച്ച രണ്ട് കോടിയോളം വരുന്ന തുക ഇ ഡി അധികൃതര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോ ണ്‍ഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു മിഥുന്‍. ശാരദ ഗ്രൂപ്പിന്റെ ചിറ്റ് ഫണ്ട് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വീഡിയോകളില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.