മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് കോടതി ശരിവെച്ചു

Posted on: June 16, 2015 10:23 pm | Last updated: June 16, 2015 at 11:39 pm

muhammet-mursiകൈറോ: കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പോലീസിന് നേരെ അതിക്രമം, ജയില്‍ ഭേദനം എന്നീ കേസുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് കോടതി ശരിവെച്ചു. 2011ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. മുര്‍സി ഉള്‍പ്പെടെ 100ലധികം പേരെ കഴിഞ്ഞ മാസം ഈജിപ്ത് കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇന്നലെ കോടതി മുര്‍സിയുടെ വധശിക്ഷ ശരിവെച്ച്‌കൊണ്ട് ഉത്തരവിറക്കിയത്. ഫലസ്തീനിലെ ഹമാസ് ഗ്രൂപ്പിന് രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ മുര്‍സിക്ക് ഇതേ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചിരുന്നു. ഹമാസിന് പുറമെ ലബനാനിലെ ഹിസ്ബുല്ല, ഇറാന്‍ എന്നിവര്‍ക്കും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു.
2013 ജൂലൈ മൂന്നിനാണ് ജനകീയ വിപ്ലവത്തിനൊടുവില്‍ മുര്‍സിക്ക് സ്ഥാനം നഷ്ടപ്പെട്ടത്. ഇതിന് ശേഷം അധികാരം ഏറ്റെടുത്ത അബ്ദുല്‍ഫത്താഹ് അല്‍സീസി ബ്രദര്‍ഹുഡിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു. തീവ്രവാദ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ബ്രദര്‍ഹുഡിന് ഈജിപ്തില്‍ നിരോധമേര്‍പ്പെടുത്തുകയും ചെയ്തു. നൂറുകണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുര്‍സി അധികാരഭ്രഷ്ടനാക്കപ്പെട്ടതു മുതല്‍ ഈജിപ്ത് സൈന്യത്തിനെതിരെയും പോലീസിനെതിരെയും നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ മുസ്‌ലിം ബ്രദര്‍ഹുഡാണെന്നാണ് കരുതപ്പെടുന്നത്. മുര്‍സിക്കൊപ്പം മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്ന യൂസുഫുല്‍ഖര്‍ദാവിക്കും ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു.
അറബ് വസന്തം എന്ന പേരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവാനന്തരം മുന്‍ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്കിനും അധികാരം നഷ്ടപ്പെട്ടിരുന്നു.