വാഹനത്തിനകത്ത് കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തല്ലേ…

Posted on: June 16, 2015 8:37 pm | Last updated: June 16, 2015 at 8:37 pm

kannadiകുഞ്ഞിനെ കാര്‍സീറ്റില്‍ തനിച്ചാക്കി ‘അലസഗമനം’ നടത്തുന്ന മാതാപിതാക്കള്‍ വര്‍ധിച്ചു വരുന്നതായാണ് പോലീസ് കണക്ക്. ഈ വര്‍ഷം 58 കുട്ടികളെയാണ് പോലീസ് രക്ഷപ്പെടുത്തിയതെന്ന് ദുബൈ പോലീസ് രക്ഷാ പ്രവര്‍ത്തന വിഭാഗം മേധാവി മാജ് അബ്ദുല്ല ബിശൂ പറഞ്ഞു. പൊള്ളുന്ന ചൂടില്‍ ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി രക്ഷിതാക്കള്‍ മാളില്‍ പോയ സംഭവം അടക്കം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ചൂട് കാലത്ത് ഏറ്റവും അപകടം പിടിച്ചത് ഇത്തരം അശ്രദ്ധയാണ്. തീ പിടുത്തം അതിനു പിന്നാലെയേ വരുന്നുള്ളു.
ഒന്നു മുതല്‍ 15 വരെ വയസുള്ള കുട്ടികള്‍ വാഹനങ്ങളില്‍ അകപ്പെട്ടു. 55 സംഭവങ്ങളാണ് പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതില്‍ ഒന്നിലധികം കുട്ടികള്‍ ഒരേ വാഹനത്തില്‍ അകപ്പെട്ട അപകടാവസ്ഥയും ഉണ്ട്. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ഒരു സ്‌കൂള്‍ ബസില്‍ ഉപേക്ഷിക്കപ്പെട്ട നിസാ ആലം എന്ന കൊച്ചു വിദ്യാര്‍ഥിനിയുടെ മരണം ഏവരെയും നടുക്കിയതാണ്. മിനിബസില്‍ സ്‌കൂളിലേക്ക് പോയതായിരുന്നു. സ്‌കൂളെത്തിയപ്പോള്‍ മറ്റു കുട്ടികള്‍ ഇറങ്ങിപ്പോയി. നിസാ ആലം അര്‍ധമയക്കത്തില്‍ സീറ്റില്‍ തന്നെ ഇരുന്നു. മിനി ബസ് ഡ്രൈവറും അറ്റന്‍ഡറും ഇത് ശ്രദ്ധിച്ചില്ല. അവര്‍ വാഹനത്തിന്റെ എയര്‍ കണ്ടീഷണര്‍ ഓഫ് ചെയ്ത്, ലോക്ക് ചെയ്ത് അവരുടെ പാട്ടിന് പോയി. കടുത്ത ചൂടില്‍ കുഞ്ഞ് ശ്വാസം കിട്ടാതെ മരിച്ചു. ഇതിന്റെ കേസ് വിചാരണയും വിധി പ്രഖ്യാപനവും മാധ്യമങ്ങളില്‍ മാസങ്ങളോളം വാര്‍ത്തയായിരുന്നു. എന്നിട്ടും ആളുകള്‍ അശ്രദ്ധ കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 130 കുട്ടികളെയാണ് ദുബൈ പോലീസ് മാത്രം രക്ഷപ്പെടുത്തിയത്. അബുദാബി, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലെ സംഭവങ്ങള്‍ വേറെ.
ഉഷ്ണകാലത്തിന്റെ തുടക്കത്തില്‍ തന്നെ കടുത്ത ചൂടാണ്. ജൂണ്‍ മൂന്നിന് 48 ഡിഗ്രിസെല്‍ഷ്യസ് രേഖപ്പെടുത്തി. അബുദാബി പടിഞ്ഞാറന്‍ മേഖലയില്‍ 50 ഡിഗ്രികടന്നു. വാഹനത്തിനകത്ത് എയര്‍കണ്ടീഷണര്‍ ഉപയോഗിച്ചില്ലെങ്കില്‍ 30 ഡിഗ്രി ചൂട് ശരാശരി 40 ഡിഗ്രിയിലെത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുക്കുന്ന കാലമാണ്. കൂട്ടത്തില്‍ ചിക്കന്‍ പോക്‌സ് പോലുള്ള സാംക്രമിക രോഗങ്ങള്‍.
വാഹനത്തിനകത്ത് എസി ഇല്ലാതെ പെട്ടുപോയാല്‍ പത്തുമിനിട്ടിനകം ജീവന്‍ നഷ്ടപ്പെടും. കുഞ്ഞുങ്ങള്‍ പെട്ടെന്ന് ക്ഷീണിതരാകുമെന്നതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമം അവര്‍ക്ക് സാധ്യമല്ല.
ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ ആശയ വിനിമയ പ്രശ്‌നം കുഞ്ഞുങ്ങളുടെ ദുരന്തത്തിന് കാരണമാകാം. ഈയിടെ, ഒരു കുഞ്ഞിനെ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ഭാര്യ കൈയിലേറ്റിയിരിക്കുമെന്ന് ഭര്‍ത്താവും ഭര്‍ത്താവ് കൊണ്ടുപോയിയെന്ന് ഭാര്യയും കരുതി. ഇരുവരും വെവ്വേറെ വഴികളിലാണ് ഷോപ്പിംഗിന് പോയത്. ദൃക്‌സാക്ഷികള്‍ കാറിന്റെ ചില്ല് തകര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു.